മഹാരാജാസ് കോളജിലെ സംഘർഷം, 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കെഎസ്‍യു, ഫ്രറ്റേണിറ്റി എസ്എഫ്ഐ പ്രവർത്തകര്‍ക്കുമെതിരെയാണ്‌ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ ആകെ 8 കേസുകളാണ് സെൻട്രൽ പൊലീസ് എടുത്തിട്ടുള്ളത്.

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നും ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിൽ സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ സെൻട്രൽ പൊലീസ് ആകെ 8 കേസുകൾ എടുത്തിട്ടുണ്ട്. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിനാണ് കോളജ് അടച്ചത്.

വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്പസ് തുറക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യദിനം കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കാമ്പസിലെത്തിയത്.