മണിപ്പൂരില്‍ ആയുധങ്ങളുമായി 25 പേര്‍ പിടിയില്‍, വീടുകള്‍ കത്തിക്കാനും ശ്രമം

ഇംഫാല്‍. സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട 25 പേരെ സൈന്യം പിടികൂടി. ഇവരുടെ കൈയില്‍ നിന്നും സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തു. ആയുധങ്ങളുമായി സൈന്യത്തിന് നേരെ ആക്രമികള്‍ എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് അക്രമികള്‍ പിടിയിലായത്. സനസാബി, ഗ്വാല്‍താബി, ഷബുന്‍ഖോല്‍ ഖുനോവോ എന്നിവടങ്ങളില്‍ നിന്നാണ് അക്രമികള്‍ പിടിയിലായത്.

പ്രദേശത്തെ വീടുകള്‍ക്ക് തീയിടാന്‍ അക്രമികള്‍ ശ്രമിച്ചതായും സൈന്യം വ്യക്തമാക്കി. അക്രമികളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തത് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്ന് സൈന്യം പറഞ്ഞു. ഞായറാഴ്ച രാത്രി ആയുധവുമായി എത്തിയവരെ സൈന്യം പിടിച്ചിരുന്നു. ഒരു കാറില്‍ നാല് പേരാണ് ആയുധവുമായി എത്തിയത് ഇവരില്‍ മൂന്ന് പേരെ സൈന്യം പിടികൂടി.

ഇവരില്‍ നിന്നും ചൈനീസ് നിര്‍മിത ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. സംസ്ഥാനത്ത് അമിത്ഷാ സന്ദര്‍ശനം നടത്തുന്നതിന് മുമ്പായിരുന്നു ഇത്. മണിപ്പൂരില്‍ പലസ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ ഞായറാഴ്ച ഒരു പോലീസ് ഉദ്യോഗസ്ഥനും അഞ്ച് പേരും കൊല്ലപ്പെട്ടിരുന്നു.