കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ

ബർമിങ്ങാം. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരി ഇന്ത്യയ്ക്ക് വെങ്കലം നേടി.

സ്‌നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 151 കിലോയും ഉയർത്തിയ ഗുരുരാജ പൂജാരി ആകെ 269 കിലോ ഉയർത്തിയാണ് വെങ്കലമെഡൽ കൈ കുമ്പിളിലാക്കിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 115 കിലോ ഉയർത്തിയ ഗുരുരാജ രണ്ടാം ശ്രമത്തിൽ 118 കിലോ ഉയർത്തി.

120 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം ഗുരുരാജ പൂജാരിക്ക് പാഴായി. സ്‌നാച്ച് അവസാനിക്കുമ്പോൾ ഗുരുരാജ പൂജാരി നാലാമതായിരുന്നു. ക്ലീൻ ആൻഡ് ജർക്കിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരം വെങ്കലമെഡൽ ഉറപ്പിക്കുന്നത്. ക്ലീൻ ആൻഡ് ജർക്കിൽ ആദ്യ ശ്രമത്തിൽ 144 കിലോയും രണ്ടാമത് 148 കിലോയും ഉയർത്തിയ ഗുരുരാജ മൂന്നാം ശ്രമത്തിൽ 151 കിലോ ആണ് ഉയർത്തിയത്.

285 കിലോ ഉയർത്തിയ മലേഷ്യയുടെ അസ്‌നിൽ ബിൻ ബിഡിൻ മുഹമ്മദിനാണ് സ്വർണം. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി സ്വന്തമാക്കി. നേരത്തെ ഭാരോദ്വഹനം 55 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സാങ്കേത് മഹാദേവ് സാഗർ വെള്ളി മെഡൽ നേടിയിരുന്നു.