മതം ഉപേക്ഷിക്കുന്ന മലയാളികളുടെ എണ്ണത്തിൽ ഓസ്ട്രേലിയയിൽ 3 ഇരട്ടി വർദ്ധനവ്

 

ഓസ്ട്രേലിയയിൽ മതം ഉപേക്ഷിക്കുന്ന മലയാളികളുടെ എണ്ണത്തിൽ 3 ഇരട്ടി വർദ്ധനവ്. കേരളത്തിൽ നിന്നും ഓസ്ട്രേലിയക്ക് കുടിയേറി മിക്ക മലയാളികളും മതം ഉപേക്ഷിക്കുകയാണ്‌. മത മില്ലാത്ത ജീവിതം തിരഞ്ഞെടുക്കാൻ ഇഷ്ടപെടുന്നവരുടെ വിവരങ്ങൾ ഉൾപ്പെട്ട 2021ലെ ഓസ്ട്രേലിയ ഗവണ്മെന്റ് സെൻസസ് റിപോർട്ടിലാണ്‌ മലയാളികളേ കുറിച്ചുള്ള വിശദമായ റിപോർട്ട് വന്നിരിക്കുന്നത്.

ഓസ്ട്രേലിയയിൽ മലയാളികളുടെ എണ്ണത്തിൽ വൻ വർദ്ധവാണ്‌ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ 78,738 മലയാളികൾ ഓസ്ട്രേലിയയിൽ ഉണ്ട്. 5 വർഷം മുമ്പ് വെറും 39000 മലയാളികൾ മാത്രമുള്ള സ്ഥാനത്താണിതെന്നു ഓർക്കണം. അഞ്ചു വർഷത്തിൽ ഓസ്ട്രേലിയൻ മലയാളികളുടെ എണ്ണത്തിൽ അദ്ഭുതകരമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 78739 മലയാളികളിൽ 55192 പേരും ക്രിസ്ത്യാനികളാണ്‌. അതായത്, ആകെ മലയാളികളില്‍ 70.09 ശതമാനമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍. എന്നാൽ 2016ലെ സെൻസസ് പ്രകാരം ഓസ്ട്രേലിയൻ മലയാളികളിൽ 75% പേരും ക്രിസ്ത്യാനികൾ ആയിരുന്നു.

ഇത് ഗണ്യമായി കുറഞ്ഞു. 75ൽ നിന്നും 70 %മായി കുറയുകയാണ്‌ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയൻ മലയാളികളിൽ ഹിന്ദുക്കളുടെ എണ്ണത്തിൽ വലിയ വർദ്ധവ് ഉണ്ടായി. 5 വർഷം മുമ്പ് 11,687 പേരായിരുന്നു ഹിന്ദുക്കള്‍ ഉണ്ടായിരുന്നത് ഇപ്പോൾ അത് 17,772 പേരായി. 2016ല്‍ ഓസ്‌ട്രേലിയന്‍ മലയാളികളിലെ 22 ശതമാനമാണ് ഹിന്ദുക്കളെങ്കില്‍, ഇപ്പോള്‍ അത് 22.6 ശതമാനമായി കൂടി. മുസ്ളീം മതക്കാരിലും വളർച്ച ഉണ്ടായി. 2016ല്‍ ഓസ്‌ട്രേലിയന്‍ മലയാളികളിൽ 1,119 മുസ്ളീങ്ങൾ ആയിരുന്നത് 2021ലെ സെൻസസിൽ 2,033 ആയി വർദ്ധിച്ചു. മലയാളി ജനസംഖ്യയില്‍ മുസ്ലീങ്ങള്‍ 2.1 ശതമാനമുണ്ടായിരുന്നത് 2.6 ശതമാനമായാണ് കൂടിയിരിക്കുന്നത്.

ഓസ്ട്രേലിയൻ മലയാളികളിൽ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണമാണ്‌ കുതിച്ച് ഉയർന്നത്. 2016ല്‍ 729 മലയാളികള്‍ മാത്രമാണ് മതമില്ല എന്ന് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോഴത്തേ സെൻസസിൽ ഇത് 2267 ആയി ഉയർന്നു. അതായത് മൂന്നിരട്ടിയിലേറെ വര്‍ദ്ധന. കഴിഞ്ഞ സെന്‍സസില്‍ ആകെ മലയാളികളുടെ 1.4 ശതമാനം മാത്രമായിരുന്നു മതമില്ലാത്തവരെങ്കില്‍, ഇപ്പോൾ അത് 2.9 ശതമാനമായി ഉയർന്നു. ഓസ്ട്രേലിയയിൽ മതം ഉപേക്ഷിക്കുന്നവർ കത്തോലിക്കാ വിശ്വാസികളാണ്‌. ഇതിൽ ഏറ്റവും അധികം സീറോ മലബാറുകാരാണ്‌.

38,288 പേരാണ് കത്തോലിക്ക മതം സെന്‍സസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളായ 7,335 പേരും, പെന്തക്കോസ്ത് വിശ്വാസികളായ 2,796 പേരുമുണ്ട്. അതായത് 300 കത്തോലിക്കാ കുടുംബങ്ങൾ എങ്കിലും കേരളത്തിൽ നിന്നും ഓസ്ട്രേലിയയിൽ വന്ന ശേഷം കഴിഞ്ഞ 5 കൊല്ലം കൊണ്ട് മതം ഉപേക്ഷിക്കുകയുണ്ടായി. ഇത് കത്തോലിക്കാ സഭയേ സംബന്ധിച്ച് ഞെട്ടലുളവാക്കുന്ന കാര്യമാണ്‌. മതം ഇല്ലാതെ സുഖമായി ജീവിക്കാം എന്ന എല്ലാ സാഹചര്യവും ഉള്ളപ്പോൾ മതവും മത ചിട്ടകളും ഒരു തലവേദനയും മറ്റുമായി പലർക്കും അനുഭവപ്പെടുന്നതാകാം ഇതിനു കാരണമെന്നാണ് കണക്കാക്കേണ്ടത്. പുതിയ തലമുറ വളർന്ന് വരുന്നതോടെ മതം ഇല്ലാത്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് വരും വർഷങ്ങളിൽ ഉണ്ടാകും എന്നും നിരീക്ഷകർ പറയുന്നുണ്ട്. ഓസ്ട്രേലിയൻ മലയാളികളിൽ ബുദ്ധമതവിശ്വാസികളായ 13 പേരും, ജൂത വിശ്വാസികളായ എട്ടു പേരുമാണ് ഉള്ളത്.

മലയാളികളുടെ വൻ തോതിലുള്ള ഓസ്ട്രേലിയൻ കുടിയേറ്റം കോവിഡ് കാലത്ത് മാത്രമാണ് അല്പം കുറഞ്ഞിരുന്നത്. കോവിഡ് കാലത്ത് നിർത്തി വെച്ച റിക്രൂട്ട്മെന്റുകൾ ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ഓസ്ട്രേലിയക്ക് പോകുന്നതും കേരളത്തിൽ നിന്നുള്ളവരാണ്. കാനഡ, ബ്രിട്ടൻ, അമേരിക്ക, അയർലന്റ് എന്നിവിടങ്ങളേ അപേക്ഷിച്ച് നോക്കുമ്പോൾ ഓസ്ട്രേലിയൻ കുടിയേറ്റം വളരെ ബുദ്ധിമുട്ടാണ്‌. കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. യോഗ്യതാ നിർണ്ണയത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ കഠിനമായ കാര്യങ്ങളാണ്‌ ഓസ്‌ട്രേലിയയിലേക്ക് പോകാനായുള്ളത്.

സ്റ്റുഡന്റ് വിസയിൽ ഓസ്ട്രേലിയക്ക് പോകാനും ബുദ്ധിമുട്ടാണ്‌. കാനഡയിലും യു.കെയിലും പോകുന്നതിന്റെ ഇരട്ടി ഫീസും ചിലവും ആണ്‌ ഓസ്ട്രേലിയക്ക്. എന്നാൽ ഓസ്ട്രേലിയയിൽ എത്തുവാൻ സാധിച്ചാൽ ജീവിത സാഹചര്യവും, കേരത്തിലേതിന് ഏതാണ്ട് അടുത്തുള്ള കാലാവസ്ഥയും എല്ലാം ഉണ്ട്. വേതനത്തിലും ഓസ്ട്രേലിയ വളരെ മുന്നിട്ട് നില്ക്കുന്നു. ഒരു മൺകൂറിൽ നല്കുന്ന ഏറ്റവും കുറഞ്ഞ കൂലിയിൽ അമേരിക്ക, യൂറോപ്പ്, കാനഡ രാജ്യങ്ങളേക്കാൾ വളരെ മുന്നിലാണ്‌ ഒസ്ട്രേലിയ എന്നതും കുടിയേറ്റക്കാരേ ആകർഷിക്കാൻ കാരണമാണ്‌.