ലീഡറു’ടെ വീട്ടില്‍ വച്ച് 35 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ BJP യില്‍ ചേർന്നു

കോണ്‍ഗ്രസിന്റെ ലീഡർ കെ കരുണാകരന്റ വീട്ടില്‍ വച്ച് മുപ്പത്തിയഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ അംഗത്വം എടുത്തു . മുരളീ മന്ദിരത്തില്‍ കരുണാകരന്റെ സ്മൃതി മണ്ഡപത്തോട് ചേര്‍ന്നുള്ള വേദിയില്‍ പദ്മജ വേണുഗോപാലാണ് ഈ 35 പേർക്ക് അംഗത്വം നല്‍കിയത്. കല്ല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധദിനത്തിലായിരുന്നു ഇത്തരത്തിൽ മഹത്തായ ഒരു ചടങ്ങു നടന്നത്.

തൃശൂര്‍ നിയോജ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മനു പള്ളത്ത്, അയ്യന്തോള്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍. തുടങ്ങി മുപ്പത്തിയഞ്ചുപേരാണ് ഇന്ന് ബിജെപിയില്‍ അംഗത്വമെടുത്തത്. മനസ്സുമടുത്തവരാണ് ഇപ്പോള്‍ വരുന്നതെന്നും തെരഞ്ഞെടുപ്പു കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നും പദ്മജ പറഞ്ഞു. അച്ഛനുവേണ്ടി കൂടിയാണ് താനിത് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരനെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പദ്മജ വേണുഗോപാല്‍. പൂങ്കുന്നം മുരളീമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മെംബര്‍ഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കാണ് കൂടുതല്‍ ആവേശം. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ ബി.ജെ.പിയിലെത്തുമെന്നും പദ്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ ജയിക്കുന്നത് സുരേഷ് ഗോപിയായിരിക്കുമെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ മുരളീധരന് വേണ്ടി പ്രതാപന്‍ മാറിക്കൊടുത്തതല്ലെന്നും നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവര്‍ത്തിക്കുന്നയാളാണ് പ്രതാപനെന്നും പദ്മജ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് സന്ദേശം നല്‍കുന്നത് വേണ്ടതാണെന്നും ലൗ ജിഹാദിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.

തൃശൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കാണ് പദ്മജ ബി.ജെ.പി. അംഗത്വം നല്‍കിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുരളീമന്ദിരത്തിനു മുമ്പില്‍ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ചടങ്ങിന് ശേഷം കോണ്‍ഗ്രസ് വിട്ടവര്‍ പദ്മജയുടെയും ബി.ജെ.പി. നേതാക്കളുടെയും സാന്നിധ്യത്തില്‍ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പ്രാര്‍ഥിച്ചു.

അതേസമയം, ലവ് ജിഹാദ് കേരളത്തില്‍ ഉണ്ടെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. കേരള സ്റ്റോറി സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് സന്ദേശം നല്‍കേണ്ട ആവശ്യമുണ്ടെന്നും പദ്മജ പറഞ്ഞു.

‘ലവ് ജിഹാദ് കേരളത്തില്‍ ഉണ്ട്. ഉണ്ടെന്നുവെച്ച് ഈ പറയുന്ന അത്ര ഒന്നുമില്ല. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളുടെ മക്കള്‍ക്ക് ഇങ്ങനെ പറ്റിയിട്ട് അവര്‍ വന്ന് സങ്കടം ഞങ്ങളുടെ അടുത്തുവന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.’ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, ഇങ്ങനെയൊരു വാര്‍ത്ത പരക്കുമ്പോള്‍, ഇത്തരത്തിലൊരു മെസ്സേജ് കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അതുവഴി അവര്‍ക്ക് മനസ്സിലാകുമല്ലോ, ഏതാണ് തെറ്റ്, ശരി എന്ന്.’ പദ്മജ വേണുഗോപാല്‍ പറഞ്ഞു.

വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പദ്മജ. ഇടുക്കി, താമരശ്ശേരി രൂപതകളുടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തോട്, ക്രിസ്ത്യന്‍ സമുദായത്തില്‍ പലരും ബിജെപിയോട് അടുത്തുകൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് ഇതെന്നായിരുന്നു പദ്മജയുടെ പ്രതികരണം.