കേരള സ്റ്റോറി നടക്കുന്ന സംഭവം ,അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ല

ഭീകരവാദത്തിന്റെ യഥാർത്ഥ മുഖം വരച്ചു കാട്ടിയ ദ കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന സംഭവമാണ്; പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ല; കേരള സ്റ്റോറിയെ പിന്തുണച്ചു ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ലൗ ജിഹാദിൽ അകപ്പെട്ട് പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ല ,കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന സംഭവമാണ്.

കേരള സ്റ്റോറി എന്ന സിനിമയോട് കേരളത്തിലെ സാധാരണ മുസ്ലീങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒത്തൊരുമയോടെ കഴിയരുതെന്ന് ശഠിക്കുന്നവരാണ് സിനിമയ്‌ക്കെതിരെ രം​ഗത്ത് വരുന്നത്.സിനിമ കാണിക്കുന്നത് യാഥാർത്ഥ്യമാമെന്ന് എതിർക്കുന്നവർക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സിനിമ പ്രദർശിപ്പിച്ച ക്രിസ്ത്യൻ നേതൃത്വത്തിനെതിരെ രം​ഗത്ത് വന്നത്. ആയിരിക്കണക്കിന് ക്രൃസ്ത്യൻ പെൺകുട്ടികളെ കാണാതായത് സംബന്ധിച്ച ബിഷപ്പിന്റെ ചോദ്യത്തിന് മറുപടി നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ ഭീകരവാദികൾക്ക് കാഴ്ചവെക്കുന്ന വീഡിയോ അടക്കം കേരളത്തിൽ നിന്ന് കണ്ടെടുത്തു. ഇതുപോലെ ജീവിക്കുന്ന തെളിവുകൾ കേരളത്തിന്റെ മുന്നിലുണ്ടായിട്ടും പുകമറ സൃഷ്ടിക്കാനാണ് രാഷ്‌ട്രീയക്കാരുടെ ശ്രമം.

എസ്ഡിപിഐയും പിഎഫ്ഐയും ഒറ്റ കുപ്പിക്കത്തെ സാധനമാണ്. അവരുടെ വോട്ടിന് വേണ്ടിയാണ് വി ഡി സതീശനും കോൺ​ഗ്രസും സിനിമയെ തള്ളിപ്പറയുന്നത്. ആരെ കൊന്നിട്ടായാലും എത് സമൂഹത്തെ നശിപ്പിച്ചിട്ടായാലും പത്ത് വോട്ട് നേടാനാണ് കോൺ​ഗ്രസിന്റെ ശ്രമം. വോട്ടിന് വേണ്ടി ഒരു സമൂഹത്തിന് എതിരെ തിരിയാനാണ് ഇടത്- വലത് മുന്നണികളുടെ ശ്രമമെങ്കിൽ എന്ത് വിലക്കൊടുത്തും അത് ചെറുക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാലും വ്യക്തമാക്കി.കേരള സ്റ്റോറി സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് സന്ദേശം നല്‍കേണ്ട ആവശ്യമുണ്ടെന്നും പദ്മജ പറഞ്ഞു.

‘ലവ് ജിഹാദ് കേരളത്തില്‍ ഉണ്ട്. ഉണ്ടെന്നുവെച്ച് ഈ പറയുന്ന അത്ര ഒന്നുമില്ല. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളുടെ മക്കള്‍ക്ക് ഇങ്ങനെ പറ്റിയിട്ട് അവര്‍ വന്ന് സങ്കടം ഞങ്ങളുടെ അടുത്തുവന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.”ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, ഇങ്ങനെയൊരു വാര്‍ത്ത പരക്കുമ്പോള്‍, ഇത്തരത്തിലൊരു മെസ്സേജ് കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അതുവഴി അവര്‍ക്ക് മനസ്സിലാകുമല്ലോ, ഏതാണ് തെറ്റ്, ശരി എന്ന്.’ പദ്മജ വേണുഗോപാല്‍ പറഞ്ഞു.

വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പദ്മജ. ഇടുക്കി, താമരശ്ശേരി രൂപതകളുടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തോട്, ക്രിസ്ത്യന്‍ സമുദായത്തില്‍ പലരും ബിജെപിയോട് അടുത്തുകൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് ഇതെന്നായിരുന്നു പദ്മജയുടെ പ്രതികരണം.

ന്യൂനപക്ഷത്തിനുള്ള തെറ്റിദ്ധാരണ ഒരു പരിധിവരെ മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. താന്‍ ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചത് ഒരു രാത്രിയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ബിജെപിയിലേക്ക് നേതാക്കളെത്തുമെന്നും പദ്മജ പറഞ്ഞു.