പറവൂരില്‍ പുഴയില്‍ വീണ് നാലാം ക്ലാസുകാരി മരിച്ചു, രണ്ട് കുട്ടികളെ കാണാതായി

കൊച്ചി. തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മറ്റ് രണ്ട് കുട്ടികളെ കാണാതായി. ഇവര്‍ക്കായിട്ടുള്ള തിരച്ചില്‍ നടക്കുകയാണ്. വടക്കന്‍ പറവൂരില്‍ പല്ലന്‍ തുരുത്തില്‍ മുസ്രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. നാലും അഞ്ചും ക്ലാസില്‍ പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. ബന്ധുവീട്ടല്‍ താമസിക്കുവാന്‍ എത്തിയതാണ് കുട്ടികള്‍.

അപകടത്തില്‍ പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പറവൂര്‍ മന്നം സ്വദേശിയായ അഭിനവ്, ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് എന്നി കുട്ടികളെയാണ് കണ്ടെത്തുവാനുള്ളത്. ഉച്ചയോടെ പുഴയ്ക്കരികിലേക്ക് കുട്ടികള്‍ പോയി. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും പുഴക്കരയില്‍ കണ്ടത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 7.45 ഓടെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ മുങ്ങള്‍ വിദഗ്ധരടക്കം തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. മരിച്ച കുട്ടിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.