തലസ്ഥാനത്ത് പിറന്നാൾ‌ പാർട്ടിക്കിടെ കത്തിക്കുത്ത്, 5 പേർക്ക് കുത്തേറ്റു, 2 പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബാറിൽ പിറന്നാൾ പാർട്ടിക്കിടെ കത്തിക്കുത്ത്. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കത്തിക്കുത്തുണ്ടായത്. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ രണ്ടുപേർ മെഡിക്കൽ കോളേജിലും മറ്റു രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ഷാലുവിനു ശ്വാസകോശത്തിലും സൂരജിനു കരളിനും ആണ് പരുക്ക്. പരുക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബർത്ത് ഡേ ആഘോഷിക്കാനെത്തിയവരും ബാറിലുണ്ടായിരുന്ന മറ്റൊരു സംഘവും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിനു കാരണമായതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.