രാമേശ്വരം കഫേ സ്ഫോടനം, ഓൺലൈൻ ഹാൻഡ്‌ലറെ കണ്ടെത്താൻ ശ്രമം, തേടുന്നത് കേണൽ എന്ന ഭീകരനെ

ബെംഗളൂരു : രാമേശ്വരം കഫേ സ്ഫോടനത്തിൽ മിഡിൽ ഈസ്റ്റിൽ ഇരുന്ന് ആസൂത്രണം നടത്തിയ ഓൺലൈൻ ഹാൻഡ്‌ലറെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കി അന്വേഷണ ഏജൻസികൾ . “കേണൽ” എന്ന രഹസ്യനാമമുള്ള ഓൺലൈൻ ഹാൻഡ്‌ലർക്ക് ഐഎസ് അൽ-ഹിന്ദ് മൊഡ്യൂളുമായി ബന്ധമുള്ളതായി സൂചനകളുണ്ട് .

സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ “കേണൽ” ആണെന്നും അബ്ദുൾ മതീൻ താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
2022 നവംബറിൽ മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനത്തിന് ശേഷമാണ് കേണൽ എന്ന ഹാൻഡ്‌ലറെക്കുറിച്ച് സംശയം ഉയർന്നത് . മിഡിൽ ഈസ്റ്റിലെവിടെയോ ആണ് കേണൽ എന്നറിയപ്പെടുന്ന ഈ ഭീകരന്റെ ഒളിത്താവളം

ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ , ഹിന്ദു നേതാക്കൾ, പ്രമുഖ സ്ഥലങ്ങൾ എന്നിവയ്‌ക്കെതിരെ ആക്രമണം നടത്താൻ പ്രേരിപ്പിച്ചതിന് പിന്നിലെ പ്രധാന വ്യക്തി ഇയാളാണെന്നാണ് റിപ്പോർട്ട്. രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി താഹയെയും ഷാസിബിനെയും കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്ന് ഏപ്രിൽ 12 ന് അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ കാടുകൾ കേന്ദ്രീകരിച്ച് ഐഎസ് പ്രവിശ്യ സ്ഥാപിക്കാൻ പദ്ധതിയിട്ട 20 അംഗ അൽ-ഹിന്ദ് മൊഡ്യൂളിന്റെ ഭാഗമായിരുന്നു താഹയും ഷാസിബുമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള മെഹബൂബ് പാഷയുടെയും കടലൂർ ആസ്ഥാനമായുള്ള ഖാജാ മൊയ്തീന്റെയും നേതൃത്വത്തിലുള്ള അൽ-ഹിന്ദ് മൊഡ്യൂൾ, ബംഗളൂരുവിലെ ഗുരുപ്പൻപാളയയിലെ പാഷയുടെ അൽ-ഹിന്ദ് ട്രസ്റ്റ് എന്നിവ , കർണാടകയിലെ വനത്തിനുള്ളിൽ ഐഎസ് പ്രവിശ്യ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു.