സാമ്പാർ മേമ്പൊടി ജലാശയത്തിൽ നിന്ന് സർപ്പശത്രുവനത്തിലേക്ക് എത്ര ദൂരം, മുകേഷിന്റെ ചോദ്യത്തിന് മറുപടിയുമായി നവ്യ

മുകേഷും നവ്യ നായരും റിമി ടോമിയും വിധികർത്താക്കളായിട്ടുള്ള കിടിലം എന്ന ഷോയിലെ ചില സംഭാഷണങ്ങൾ വൈറലാവാറുണ്ട്. ആന്തരീകാവയവങ്ങൾ കഴുകിയെടുക്കുന്ന സന്യാസിമാരുടെ കഥ പറഞ്ഞ നവ്യയുടെ വാക്കുകൾ ട്രോളുകൾക്ക് വഴിവച്ചിരുന്നു. മുകേഷിന്റെ ഒരു കടംകഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

”സാമ്പാർ മേമ്പൊടി ജലാശയത്തിൽ നിന്ന് സർപ്പശത്രുവനത്തിലേക്ക് എത്ര ദൂരം” എന്നാണ് മുകേഷ് ചോദിക്കുന്നത്. ചോദ്യം കേട്ടപ്പോൾ തന്നെ 322 എന്ന് റിമി ടോമി ഉത്തരം പറയുന്നുണ്ട്. എന്നാൽ ആ ഉത്തരം തെറ്റായിരുന്നു. ഈ കടംകഥ എന്താണെന്നും യഥാർത്ഥ ഉത്തരം എന്താണെന്നും നവ്യയാണ് കണ്ടെത്തുന്നത്.

സാമ്പാർ മേമ്പോടി എന്ന് ഉദ്ദേശിക്കുന്നത് കായത്തിനെയാണ്, ജലാശയം എന്നത് കുളവും. സർപ്പ ശത്രു എന്നത് കീരിയെന്ന് അർത്ഥമാക്കുമ്പോൾ വനം എന്നത് കാടാകും. കായംകുളത്ത് നിന്ന് കീരികാടേയ്ക്ക് എത്ര ദൂരം എന്ന ചോദ്യമാണ് മുകേഷ് ചോദിച്ചത്.

നവ്യയുടെ ഉത്തരം കേട്ട് ‘നീയൊരു വിജ്ഞാന പണ്ഡാഹാരം ആണെന്ന് അറിഞ്ഞില്ല’ എന്നാണ് റിമിയുടെ വാക്കുകൾ. ഇവരുടെ ഈ സംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന അവതാരകയെയും മത്സരാർത്ഥികളെയും വീഡിയോയിൽ കാണാം.