സിദ്ധാര്‍ഥിന്റെ മരണം, സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സിബിഐ, പെര്‍ഫോമ റിപ്പോര്‍ട്ട്, എഫ്‌ഐ ആര്‍, അമ്മ നല്‍കിയ അപേക്ഷ എന്നിവയുടെ പകര്‍പ്പില്ല

തിരുവനന്തപുരം : സർക്കാർ സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സിബിഐ. കേസ് സിബിഐയ്‌ക്കു വിടുന്നത് സര്‍ക്കാര്‍ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടേയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വിഷയത്തില്‍ ഇടപെടുകയും വാര്‍ത്തയാകുകയും ചെയ്തപ്പോളാണ് മരണം സംബന്ധിച്ച രേഖകള്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറിയത്.

ഇതിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണം ആവശ്യപ്പെടുന്ന വിജ്ഞാപനത്തിന്റെ പകര്‍പ്പ് സര്‍ക്കാരിന്റെ ആമുഖ കത്തോടെ നല്‍കിയെങ്കിലും അതില്‍ സൂചിപ്പിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ നല്‍കിയിട്ടില്ലന്നു കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സിബിഐ മറുപടി കത്ത് അയച്ചു.

എന്താണ് കേസ് എന്നത് എളുപ്പത്തില്‍ മനസിലാക്കുന്നതിനായി് നല്‍കുന്ന പെര്‍ഫോമ റിപ്പോര്‍ട്ട്, വെത്തിരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആറിന്റെ പകര്‍പ്പ്, അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ഥിന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ അപേക്ഷ എന്നിവയുടെ ഒന്നും പകര്‍പ്പ് നല്‍കിയ രേഖയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പൊ സിബിഐ ഉന്നയിക്കുന്ന പരാതി.