കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന് ശേഷം ജീവനൊടുക്കിയ പ്രതി രഖില്‍ മാനസയെ നാളുകളായി പിന്തുടര്ന്നിരുന്നു. എന്നാല്‍ ഇക്കാര്യം യുവതി അറിഞ്ഞിരുന്നില്ല. രഖില്‍ ഒരു മാസമായി നെല്ലിക്കുഴിയില്‍ യുവതി താമസിച്ചിരുന്ന വീടിന് സമീപം മറ്റൊരു വീട്ടില്‍ വാടയ്ക്ക് കഴിഞ്ഞിരുന്നു. മാനസ താമസിച്ചിരുന്ന വാടക വീടിന് മുന്നിലാണ് രഖില്‍ താമസിച്ചത്. എന്നാല്‍ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരി എന്നാണ് വീട്ടുടമയോട് രഖില്‍ പറഞ്ഞിരുന്നത്,
ഒരു മാസം മുമ്പ് എത്തിയ രഖില്‍ കുറച്ച് ദിവസം ഇവിടെ കഴിഞ്ഞു. വ്യാഴാഴ്ച തിരികെ കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരിച്ചെത്തി. ഈ വരവില്‍ കണ്ണൂരില്‍ നിന്നും തോക്കുമായിട്ടാണ് രഖില്‍ എത്തിയത്. 7.62 എം എം പിസ്റ്റളാണ് മാനസയെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപത്തെ വാടക വീട്ടില്‍ കയറി ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ രഖില്‍ വെടി വെയ്ക്കുകയായിരുന്നു. ഇതിന് ശേഷം രഖില്‍ സ്വയം വെടിവയ്ക്കുകയും ചെയ്തു. സുഹൃത്തുക്കളായ മറ്റ് മൂന്ന് യുവതികള്‍ക്ക് ഒപ്പമായിരുന്നു മാനസ ഇവിടെ കഴിഞ്ഞിരുന്നത്. ഇവര്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് രഖില്‍ എത്തിയത്.
ഇയാള്‍ എന്തിനാണ് ഇവിടെ വന്നത് എന്ന് ചോദിച്ച് എഴുന്നേറ്റ മനസയെ രഖില്‍ കയ്യില്‍ പിടിച്ച് ബലമായി ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുറിയില്‍ നിന്നും ബഹളം കേട്ട് ഓടി ചെല്ലുമ്പോള്‍ വെടിവെച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വെച്ചതോടെ അടുത്ത വെടി ശബ്ദവും കേട്ടു. കതക് തുറന്ന് അകത്ത് എത്തുമ്പോള്‍ ഇരുവരും വെടിയേറ്റ് വീണ് കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.