തെരെഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല; എ. പി അബ്ദുള്ളക്കുട്ടി

സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ നിലവിൽ ഉറപ്പില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ. പി അബ്ദുള്ളക്കുട്ടി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ താൻ സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമങ്ങളിലെ ചർച്ച മാത്രമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കേരളത്തിലെ ചരിത്രം അവസാനിക്കും. എൽഡിഎഫിനെ ജനം തുരത്തിയോടിക്കു൦. ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ നേതാക്കൾ ബിജെപിയിലേയ്ക്ക് വരും. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയായിരിക്കും. അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എൻഡിഎ നേതൃത്വം അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥി ആക്കിയാൽ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.