പോലീസ് അക്കാദമി ട്രെയിനികളെ നിർബന്ധമായും ‘ദൃശ്യം 2’ കാണിക്കണം’ : ബംഗ്ലാദേശ് പോലീസ് സൂപ്രണ്ട്

മലയാളത്തിലെ സൂപ്പർ വിജയത്തിന്റെയൊപ്പം ദൃശ്യം 2 അതിർത്തി കടന്നും അനുമോദനമേറ്റു വാങ്ങുന്നു. ദൃശ്യം 2 പോലീസ് അക്കാദമിയിൽ നിർബന്ധമായും കാണിക്കേണ്ടതാണെന്ന അഭിപ്രായവുമായി ബംഗ്ലാദേശ് പോലീസിലെ അഡീഷണൽ സൂപ്രണ്ടായ മഷ്രൂഫ് ഹൊസൈൻ ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവും ഒടുവിലത്തേത്. പോലീസ് അക്കാദമിയിൽ നിർബന്ധമായും കാണിക്കേണ്ട ചിത്രമാണ് ദൃശ്യം 2 എന്നും പോലീസുകാർ ആകുന്നവർക്കും അല്ലാത്തവർക്കും, ഈ സിനിമ മികച്ച ദൃശ്യാനുഭവമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘ ഭാവിയിൽ എനിക്ക് മറ്റൊരു പ്രമോഷൻ ലഭിക്കുകയാണെങ്കിൽ, എന്നെ ബംഗ്ലാദേശ് പോലീസ് അക്കാദമിയിലേക്ക് അയയ്ക്കാൻ ഞാൻ താഴ്മയോടെ പോലീസ് മേധാവിയോട് അഭ്യർത്ഥിക്കും. ഞാൻ ഇതുവരെ പഠിച്ച എല്ലാ കാര്യങ്ങളും ഉപയോഗിച്ച് അസിസ്റ്റന്റ് സൂപ്രണ്ടുമാരുടെ പുതിയ ടീമിനെ പരിശീലിപ്പിക്കും. പോലീസ് ഓഫീസർമാരാകാൻ ആഗ്രഹിക്കുന്നവരും അല്ലാത്തവരും- ദൃശ്യം 2 നിങ്ങൾ രണ്ടുപേരും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്! ‘ ഇങ്ങിനെയാണ്‌ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തന്റെ കുറിപ്പ് ദൃശ്യം 2 വിന്റെ അണിയറപ്രവർ‌ത്തക‌ർ പങ്കുവെച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഹൊസൈൻ ഫേസ്ബുക്ക് പേജിലൂടെ രം​ഗത്തെത്തി. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.