കേരളത്തില്‍ ഹർത്താലുകൾ പടിക്ക് പുറത്ത് നിര്‍ത്തിയ ഒരു ഗ്രാമം; അഞ്ച് പതിറ്റാണ്ട് മുമ്പ് എടുത്ത തീരുമാനം

കോഴിക്കോട്. കേരളം ഹര്‍ത്താലില്‍ വലയുമ്പോള്‍ ഹര്‍ത്താലുകളെ പടിക്ക് പുറത്ത് നിര്‍ത്തുന്ന ഒരു നാടുണ്ട് കേരളത്തില്‍. കോഴിക്കോട് ജില്ലയിലെ നൈനാംവളപ്പാണ് ഹര്‍ത്താലുകളെ പടിക്ക് പുറത്താക്കി മാതൃകകാണിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തില്‍ ഭീതി പടര്‍ത്തിയപ്പോള്‍ നൈനാംവളപ്പില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. അഞ്ച് പതിറ്റാണ്ട് മുമ്പ് ബന്ദ് ദിനത്തില്‍ പ്രദേശവാസികള്‍ റുഹാനി അബൂബക്കറിന്റെ ചായക്കടയില്‍ ഇരുന്ന് ചായകുടിച്ച് കൊണ്ട് എടുത്ത തീരുമാനമാണ് ഇന്നും മികച്ച രീതിയില്‍ നടക്കുന്നത്.

നൈനാംവളപ്പില്‍ ഹര്‍ത്താലും ബന്ദും ഒന്നും വേണ്ടന്ന് നാട്ടുകാര്‍ എടുത്ത തീരുമാനം പിന്നിട് മാറ്റംവന്നിട്ടില്ല. പിന്നീട് കേരളത്തില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത ഹര്‍ത്താലുകള്‍ വന്ന് പോയി എന്നാല്‍ ആരും നൈനാംവളപ്പില്‍ എത്തി കടകള്‍ അടപ്പിക്കുവാന്‍ ശ്രമിച്ചില്ല. പണ്ട് ഒരു ബന്ദ് ദിനത്തില്‍ റുഹാനി അബുബക്കര്‍ എന്നൊരാള്‍ ചായക്കട തുറന്നു. തുടര്‍ന്ന് ബന്ദ് അനുകൂലികള്‍ ചായക്കട അടപ്പിക്കുവാനെത്തി.

തുടര്‍ന്ന് ബന്ദ് അനുകൂലികളെ തടയുവാന്‍ നാട്ടുകാരും ഒത്തുകൂടി. തുടര്‍ന്ന് വലിയ തര്‍ക്കമാണ് ഉണ്ടായത്. അതിനിടയില്‍ ബന്ദ് അനുകൂലിയായ ബിച്ചമ്മദിന്റെ സഹോദരന്‍ ഹംസക്കോയ ബിച്ചമ്മദിനെ തല്ലി. അതോടെ കടപൂട്ടിക്കുവാന്‍ വന്നവര്‍ സ്ഥലം വിട്ടു. പിന്നീട് നൈനാംവളപ്പില്‍ ഒരു ഹര്‍ത്താലും നടന്നിട്ടില്ല. പിന്നീട് ഒരിക്കല്‍ ഒരു ബന്ദ് ദിനത്തില്‍ കടകള്‍ പൂട്ടണമെന്നും കടലില്‍ പോകരുതെന്നും ബന്ദ് അനുകൂലികള്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ബന്ദ് അനുകൂലികളെ തുരത്തി.

പിന്നീട് ആ വഴി ആരും കടപൂട്ടിക്കുവാന്‍ വന്നിട്ടില്ല. ഹര്‍ത്താല്‍ നടത്തുന്നവര്‍ ഭക്ഷണം കഴിക്കുവാനും കടകളില്‍ പോകുവാനുമാണ് ഇപ്പോള്‍ നൈനാംവളപ്പില്‍ പോകുന്നത്. വെള്ളിയാഴ്ചയും പതിവ് പോലെ നൈനാംവളപ്പ് പ്രവര്‍ത്തിച്ചു.