ട്രെയിനിനുള്ളിൽ വനിതാ കോൺസ്റ്റബിളിനെ വെട്ടി പരിക്കേൽപ്പിച്ചു.

ചെന്നൈ. ചെന്നൈയിൽ ആർപിഎഫ് വനിതാ കോൺസ്റ്റബിളിന് സബർബൻ തീവണ്ടിയിൽ വെട്ടേറ്റു. മദ്യലഹരിയിൽ ലേഡീസ് കംപാർട്ട്‌മെന്റിൽ കയറിയ യുവാവിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് വനിതാ കോൺസ്റ്റബിളിലെ വെട്ടിപ്പരുക്കേൽപ്പിക്കുന്നത്. വനിതാ കോൺസ്റ്റബിളായ എൻ ആശിർവയ്ക്കാണ് വെട്ടേറ്റത്. ചെന്നൈയിൽ നിന്നും ചെങ്കൽപ്പട്ടിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ആക്രമണം ഉണ്ടായത്.

ബീച്ച് സ്‌റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടാൻ തുടങ്ങിയതോടെ മദ്യലഹരിയിലായിരുന്ന യുവാവ് ലേഡീസ് കംപാർട്ട്‌മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് ലേഡീസ് കംപാർട്ട്‌മെന്റാണെന്നും അടുത്ത സ്റ്റേഷനിൽ കോച്ച് മാറണമെന്നും ആശിർവ ആവശ്യപ്പെട്ടതോടെ യുവാവ് കയർത്ത് സംസാരിക്കുകയുണ്ടായി.

ഇരുവരും തമ്മിൽ തുടർന്ന് തർക്കമായി. യുവാവ് വനിതാ കോൺസ്റ്റബിളിനെ അസഭ്യം പറയുകയും യുവാവ് കത്തിയെടുത്ത് ആശിർവയുടെ കഴുത്തിലും നെഞ്ചിലും കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ആശിർവ പ്ലാറ്റ്‌ഫോമിലേക്ക് എടുത്ത് ചാടുകയാണ് ഉണ്ടായത്.ഗുരുതരമായി പരുക്കേറ്റ ആശിർവയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ അക്രമി രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളെ പിടികൂടാൻ പോലീസ് ശ്രമം നടത്തി വരുകയാണ്. ആശിർവ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്.