മരിച്ച മൂന്നു വയസുകാരിക്ക് സംസ്‌കാര ചടങ്ങിനിടെ ജീവൻ

നിർജലീകരണം ബാധിച്ച് ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുട്ടിക്ക് സംസ്‌കാര ചടങ്ങിനിടയിൽ ജീവനുള്ളതായി കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടി മണിക്കൂറിനുള്ളിൽ മരണപെട്ടു. മെക്സിക്കോയിലെ വില്ല ഡി റാമോസിലാണ് സംഭവം നടന്നത്.

ഛർദ്ദി, പനി, വയറുവേദന എന്നിവയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗം മൂർച്ഛിച്ചതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാറ്റി. ആദ്യത്തെ ആശുപത്രിയിൽ നിന്നും പനി മാറുന്നതിനായി പാരസെറ്റമോൾ ഗുളിക മാത്രമാണ് നൽകിയിരുന്നത്. എന്നാൽ രണ്ടാമത് കൊണ്ടുപോയ ആശുപത്രിയിൽ ശിശു രോഗ വിദഗ്ധൻ മരുന്നുകൾ മാറ്റിയെഴുതി നൽകുകയും പഴങ്ങളും വെള്ളവും കുട്ടിയ്‌ക്ക് നൽകാനും നിർദേശിക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി കാണാതെ വന്നതോടെ എമർജൻസി വാർഡിലേക്ക് മാറ്റുകയും ഓക്‌സിജൻ നൽകുകയും ചെയ്തിരുന്നു. കുട്ടിയുടെ ശ്വാസോച്ഛാസം നിന്നതായി കുട്ടിയുടെ അമ്മയെ തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിർജലീകരണമാണ് മരണകാരണമെന്നും ഡോക്ടർമാർ പറയുകയുണ്ടായി.

കുട്ടിയുടെ മൃതദേഹം തുടർന്ന് വീട്ടിലെത്തിച്ചു. അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ, കുട്ടിയെ കിടത്തിയിരുന്ന ഗ്ലാസ് പാനലിന് മുകളിൽ നീരാവി വരുന്നതായും കണ്ണു മിഴിക്കുന്നതായും ബന്ധുക്കൾ കണ്ടു. ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണപ്പെടുകയായിരുന്നു.