തട്ടിക്കൊണ്ടുപോകല്‍, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, പത്മകുമാറിന്റെ മകൾ അനുപമ അര മില്ല്യണ്‍ ഫോളോ ചെയ്യുന്ന യൂട്യൂബ് താരം

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി പത്മകുമാറിന്‍റെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി ഇൻസ്പെക്ടറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ അൽപസമയത്തിനകം അടൂര്‍ കെഎപി ക്യാമ്പിൽ നിന്ന് പൂയപ്പള്ളി സ്‌റ്റേഷനിൽ എത്തിക്കും. ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോകും. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്ന് പ്രതികളെയും കൊട്ടരക്കര കോടതിയിൽ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

അതേസമയം പത്മകുമാറിന്റെ മകൾ അനുപമ യൂട്യൂബിൽ 4.99 ലക്ഷം പേർ സബ്സ്ക്രൈബ് ചെയ്ത ചാനലിന്റെ ഉടമയാണ്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്സാണുള്ളത്. ഇംഗ്സീഷിലുള്ള വിവരണങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സുമുണ്ട്. അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും.

ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്‍റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം കേസിൽ പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തിരുന്നു. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി.

ഇതിനുള്ള ട്രയൽ കിഡ്നാപ്പിം​ഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾ ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.