‘സ്വന്തം ഇഷ്ടത്തിന് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ’ – ഗവർണർ

തിരുവനന്തപുരം . മലയാളം സർവകലാശാലയിലെ വിസി നിയമനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സ്വന്തം ഇഷ്ടത്തിന് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഗവർണർ നൽകിയ കത്തിൽ ചോദിക്കുന്നു.

ഗവർണറുടെ നോമിനിയെ നൽകണമെന്ന് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാ ണെന്നും ഗവർണർ ചോദിച്ചിട്ടുണ്ട്. യു.ജി.സി പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ സർക്കാർ പ്രതിനിധിയെ നൽകിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മലയാളം സർവകലാശാല വി,​സി നിയമനത്തിന് സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അതിലേക്ക് ഗവർണറുടെ പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഗവർണർക്ക് കത്തയക്കു കയും ഉണ്ടായി. ഇതിനുള്ള മറുപടിയാണ് ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ സെക്രട്ടറി നൽകിയിരിക്കുന്നത്.

വിസി നിയമനങ്ങളിൽ സർക്കാരിന് മേൽക്കൈ നൽകുന്ന രീതിയിലുള്ള നിയമം നേരത്തെ പാസാക്കി ഗവർണറുടെ അനുമതിക്കായി നൽകിയിരുന്നു. എന്നാൽ ഇതുവരെ ഗവർണർ ബില്ലിൽ ഒപ്പിട്ടിട്ടില്ല. പിന്നെങ്ങനെയാണ് ഇത്തരം നടപടിയുമായി സ‌ർക്കാർ മുന്നോട്ടു പോകുന്നതെന്നാണ് ഗവർണർ ചോദിച്ചിരിക്കുന്നത്.