അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളിൽ നിന്ന് പണം തട്ടി, കോൺഗ്രസ് നേതാവിനെ പുറത്താക്കി

എറണാകുളം : സംസ്ഥാനത്തെ നടുക്കിയ ആലുവ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ കുട്ടിയുടെ മാതാപിതാക്കളെ കബളിപ്പിച്ച സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തു. മഹിളാ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് സസ്പെൻഡ് ചെയ്തത്. ഹസീന മുനീറിന്റെ ഭർത്താവ് മുനീർ ആയിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും പണം തട്ടിയത്.

സംഭവം പാർട്ടിക്ക് മാത്രമല്ല സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കി. സംഭവത്തിൽ ഹസീനയ്‌ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീന മുനീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്. അതേസമയം, കബളിപ്പിച്ചെടുത്ത മുഴുവൻ പണവും തിരികെ കിട്ടിയതായി ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബം പ്രതികരിച്ചു.

പണം തട്ടിയെടുത്തെന്ന വാർത്ത വിവാദമായി മാറിയതോടെയാണ് കോൺ​ഗ്രസ് പ്രവർത്തകൻ മുനീർ പണം തിരികെ നൽകിയത്. നഷ്ടപരിഹാരത്തുക കിട്ടിയതിന് പിന്നാലെ കുട്ടിയുടെ പിതാവിൽനിന്ന് 1,20,000 രൂപയാണ് സൂക്ഷിക്കാമെന്ന് പറഞ്ഞ് പലതവണകളായി മുനീര്‍ വാങ്ങിയത്. ഇതില്‍ 70,000 രൂപ നേരത്തേ മുനീര്‍ തിരികെ നല്‍കിയിരുന്നു. ബാക്കി പണമാണ് ഇപ്പോള്‍ നല്‍കിയത്. പണം തട്ടിയ വാര്‍ത്ത പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെയാണ് മുനീര്‍ മുഴുവന്‍ പണവും തിരികെ നല്‍കിയിരിക്കുന്നത്.

മകളെ പിച്ചിച്ചീന്തി കൊന്നതിന് സർക്കാർ നൽകിയ നഷ്ടപരിഹാരം പിടിച്ചു പറിക്കാനും നേതാക്കൾക്ക് മടിയില്ല. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് കൂടിയായ മുനീര്‍ നന്നായി ഹിന്ദി സംസാരിക്കുന്നയാളാണ്. ഇത് തന്നെയാണ് ഇയാളെ കുട്ടിയുടെ കുടുംബവുമായി അടുപ്പിച്ചത്. ആകെ വാങ്ങിയ 1,20,000 രൂപയില്‍ 70,000 രൂപ മാത്രമാണ് മുനീര്‍ തിരികെ നല്‍കിയത്. ബാക്കി തുക ചോദിച്ചെങ്കിലും ഇയാള്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.

ഈ മാസം അഞ്ചാം തിയ്യതി മറ്റ് രണ്ട് പേരുടെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഡിസംബര്‍ 20-നകം ബാക്കി പണം നല്‍കാമെന്ന് മുനീര്‍ എഴുതി ഒപ്പിട്ട് നല്‍കിയെന്നും പിതാവ് പറഞ്ഞു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മുനീർ നിഷേധിച്ചു.