പ്രസാദിന് പിന്നാലെ വീണ്ടും കർഷക ആത്മഹത്യ, കടക്കെണിയിലായ കർഷകൻ തൂങ്ങി മരിച്ചു

കണ്ണൂർ: കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻ കടവ് നടുവത്ത് സുബ്രഹ്‌മണ്യൻ ആണ് കഴിഞ്ഞ ദിവസം വാടക വീട്ടിൽ തൂങ്ങി മരിച്ചത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കർ കൃഷിയിടവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസമസിക്കുകയായിരുന്നു. കടബാധ്യത കൂടി വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമം.

അതേസമയം ആലപ്പുഴ: കുട്ടനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത്‌ ദിവസങ്ങൾ മാത്രം പിന്നിടുമ്പോളാണ് വീണ്ടും ഒരു കർഷക ആത്മഹത്യ കൂടി സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തകഴി സ്വദേശി പ്രസാദ് (56) അഞ്ചു ദിവസം മുൻപാണ് ജീവനൊടുക്കിയത് . വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ച പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരിച്ചത്. ബി.ജെ.പി കര്‍ഷക സംഘടനയുടെ ജില്ലാ പ്രിഡന്റായിരുന്നു പ്രസാദ്. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു.

ഇത് സംസ്ഥാന സർക്കാരിനെ വലിയ സമ്മർദത്തിൽ ആക്കിയിരുന്നു. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാല്‍ പി.ആര്‍.സി വായ്പയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ പ്രസാദിന് ലോണ്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് പ്രസാദിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് കേരള സര്‍ക്കാരും എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക് എന്നിവരാണ് തന്റെ മരണകാരണമെന്ന് പ്രസാദ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.