നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

ചെന്നൈ. നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്. നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.

അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത് 1999 മുതലാണ് . തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലിലും തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് മാരിമുത്തു. 2008ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ മാരിമുത്തു സ്വതന്ത്ര സംവിധായകനായി. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും നിരൂപക പ്രശംസകൾ നേടി. 6 വർഷത്തിന് ശേഷം പുലിവാൽ എന്ന ചിത്രവും സംവിധാനം ചെയ്തു. 2010ൽ ആണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് പ്രാധാന്യം നൽകുന്നത്.

നിരവധി തമിഴ് സിനിമകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ആരോഹണം (2012), നിമിർധു നിൽ (2014), കൊമ്പൻ (2015) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കത്തി സണ്ടൈയിൽ വിശാലിനൊപ്പവും അഭിനയിച്ചു. പിന്നാലെ സീരിയലുകളിലും മാരിമുത്തു തന്‍റെ സാന്നിധ്യം അറിയിച്ചു. സമീപകാലത്തെ തമിഴ് ബ്ലോക് ബസ്റ്റർ ചിത്രം ജയിലർ ആയിരുന്നു അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം.