കമ്പിളി പുതപ്പ്..കമ്പിളി പുതപ്പ്, സർക്കാരിനെതിരായ മുകേഷിന്റെ കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

കോഴിക്കോട്: കൊല്ലം കെഎസ്ആർടിസി ഡിപ്പോയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നടനും എംഎൽഎയുമായ മുകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു. സർക്കാരിനെതിരെയും മന്ത്രിക്കെതിരെയും പരസ്യമായ വിമർശനമാണ് മുകേഷ് സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാട്ടിയത്. ‘പറയാതെ വയ്യ’ എന്ന തലക്കെട്ടോട് കൂടി പങ്കുവച്ച കുറിപ്പിൽ ഡിപ്പോയുടെ ശോചനീയവസ്ഥ പരിഹരിക്കാൻ താൻ നടത്തിയ ഇടപെടലുകളെ കുറിച്ചും മുകേഷ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. മുകേഷ് അഭിനയിച്ച റാംജി റാവൂ സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഡയലോഗ് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ഹരീഷ് പേരടി പ്രതികരിച്ചത്. ‘മോനെ അമ്മക്കൊരു കമ്പിളി പുതപ്പ്..കമ്പിളി പുതപ്പ്..അമ്മേ കേൾക്കുന്നില്ല… കേൾക്കുന്നില്ല’- ഹരീഷ് പേരടി കുറിച്ചു.

മുകേഷിന്റെ പോസ്റ്റും ഹരീഷ് പേരടി പങ്കുവച്ചിട്ടുണ്ട്. കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസിലാക്കിയതിനു ശേഷം എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടെന്ന് മുകേഷ് പറഞ്ഞു. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്തെന്ന് മുകേഷ് കൂട്ടിച്ചേർത്തു.