നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തി നില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിനെ വിമർശിക്കുന്നതിന് മന്ത്രി നടത്തിയ താരതമ്യമാണ് വിവാദത്തിലായത്. സഹകരണ ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി ഇന്ദ്രൻസിനെ പരാമർശിച്ചത്. .മന്ത്രിയുടെ വാക്കുകൾ ബോഡിഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന്‍ ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്.

‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.’ വാസവന്‍ പറഞ്ഞു.