നടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: സിനിമ താരം ശശി കലിംഗ അന്തരിച്ചു. 59 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5,30 ഓടെയായിരുന്നു അന്ത്യം. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന ശശി നിരവധി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യകഥാപാത്രത്തിലൂടെയാണ് അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. ഒന്നുംരണ്ടുമല്ല 25 വര്‍ഷമാണ് അദ്ദേഹം നാടകരംഗത്ത് പ്രവര്‍ത്തിച്ചത്. 500 ല്‍അധികം നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

വി. ചന്ദ്രകുമാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, കേരള കഫെ, ഇന്ത്യന്‍ റുപ്പി, അമര്‍ അക്ബര്‍ ആന്റണി, ആമേന്‍, ആദമിന്റെ മകന്‍ അബൂ, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.