‘നന്‍പനില്‍ നിന്നും അണ്ണനിലേക്കും അവിടെ നിന്നും ദളപതിയിലേക്കും’; വിജയ് തമിഴ് മക്കള്‍ക്ക് തലൈവനാകുന്ന കഥ

വിജയ് അങ്ങനെയിരിക്കുമ്പോള്‍ വെറുതെ ഒരുദിവസം പേരിന്റെ കൂടെ ദളപതി എന്നെഴുതിത്തുടങ്ങുകയായിരുന്നില്ലെന്ന് ആരാധകന്റെ കുറിപ്പ്. വിജയ് ചിത്രമായ മാസ്റ്റര്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിജയ് എന്ന മനുഷ്യനെ തുടക്കം മുതല്‍ ഇവിടെ വരെ വിലയിരുത്തുന്ന ആരാധകന്റെ കുറിപ്പ് വൈറലാവുന്നത്. കഴിഞ്ഞ ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് വിജയ് എന്ന നടന്‍ എങ്ങനെ ഒരു താരമായി സ്വയം നിലനില്‍ക്കുന്നു എന്നും ആ താരപരിവേഷം എങ്ങനെ ഒരു രാഷ്ട്രീയ ശരീരമായി രൂപാന്തരം പ്രാപിക്കുന്നു എന്നും നിരീക്ഷണവിധേയമാക്കേണ്ട സംഗതിയാണ് എന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ദളപതി വിജയ് എന്നാദ്യം സ്‌ക്രീനില്‍ കാണുന്നത് ‘മെര്‍സലി’ന്റെ ക്രെഡിറ്റ്‌സിലാണ്. പ്രായമായിത്തുടങ്ങി എന്ന് തിരിച്ചറിഞ്ഞ വല്ലാത്തൊരു നിമിഷമായിരുന്നു അത്. കാരണം, എണ്‍പതുകളില്‍ ജനിച്ച എന്റെ തലമുറയുടെ ദളപതി തലൈവര്‍ രജനികാന്തായിരുന്നു! ഞങ്ങളുടെ ചെറുപ്പത്തില്‍ ‘യെന്‍ ദളപതി’ എന്ന് വിളിച്ച് കണ്ണുനിറഞ്ഞുകൊണ്ടു തലൈവരെ ചേര്‍ത്തുപിടിച്ചത് മമ്മുക്കയാണ്, അതുകൊണ്ടു എവിടെയും അവകാശപ്പെട്ടില്ലെങ്കിലും ദളപതി എന്ന ടൈറ്റില്‍ അന്ന് നാല്‍പ്പത്തിയൊന്ന് വയസ്സുണ്ടായിരുന്ന തലൈവരുടേതാണ് എന്ന് ഞങ്ങളങ്ങ് വിശ്വസിച്ചു, വിജയ് ഞങ്ങള്‍ക്ക് ഇളയദളപതിയായിരുന്നു. ഇതിപ്പം ഒരു തലമുറ മറിഞ്ഞുപോയി, ഈ തലമുറയുടെ ദളപതി നാല്‍പ്പത്തിയാറു വയസ്സുള്ള വിജയാണ്. എങ്കിലും ഒന്നുറപ്പിച്ച് പറയാം, വിജയ് അങ്ങനെയിരിക്കുമ്പോള്‍ വെറുതെ ഒരുദിവസം പേരിന്റെ കൂടെ ദളപതി എന്നെഴുതിത്തുടങ്ങുകയായിരുന്നില്ല !

കഴിഞ്ഞ ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് വിജയ് എന്ന നടന്‍ എങ്ങനെ ഒരു താരമായി സ്വയം നിലനില്‍ക്കുന്നു എന്നും ആ താരപരിവേഷം എങ്ങനെ ഒരു രാഷ്ട്രീയ ശരീരമായി രൂപാന്തരം പ്രാപിക്കുന്നു എന്നും നിരീക്ഷണവിധേയമാക്കേണ്ട സംഗതിയാണ്. ദളപതി റിലീസായതിന്റെ പിറ്റേവര്‍ഷം സ്വന്തം പിതാവിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ‘നാളെയ തീര്‍പ്പി’ലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന വിജയ് ആദ്യകാലങ്ങളില്‍ കലാലയ പ്രണയ സിനിമകളുടെ ഭാഗമായിരുന്നു. പതിയെ അദ്ദേഹം ക്യാമ്പസ് പ്രണയങ്ങളുടെ രക്ഷകനും (ഖുശി, ഷാജഹാന്‍) ‘കാതലുക്ക് മരിയാദൈ സെയ്, സോല്‍വതുങ്കള്‍ നന്‍പന്‍ വിജയ്’ എന്ന് പാട്ടിലൂടെ കമിതാക്കളെ സ്‌കൌട്ട് ചെയ്യാനും മാത്രം പ്രണയത്തിന്റെ ചാമ്പ്യനും (യൂത്ത്) ഒക്കെയായി മാറുന്നുണ്ട്.

ഇത്തരം ചിത്രങ്ങള്‍ പലപ്പോഴും വലിയ വിജയങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ലോങ്ങ് റണ്ണില്‍ വിജയിന്റെ കരിയറിനെ ഏറ്റവും സ്വാധീനിച്ച ചിത്രം ഒരുപക്ഷെ ‘തുള്ളാത്ത മനവും തുള്ളും’ ആയിരിക്കണം. അത് പറയാന്‍ കാരണം, ‘തുള്ളാത്ത മനവും തുള്ളും’ ലൂടെയാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ തെരുവ് ഒരു പ്രബലമായ കഥാപശ്ചാത്തലമായി വരുന്നത്. ഒരു തെരുവില്‍ ധാരാളം മനുഷ്യരുമായി ഇടപെട്ടു ജീവിക്കുന്ന കഥാപാത്രമായി വരുന്ന സിനിമകള്‍ വിജയിന്റെ പൊതുജനസമ്മതി വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തെരുവ്, വിദ്യാര്‍ത്ഥി ഹോസ്റ്റല്‍, ധാരാളം ബന്ധുക്കളുള്ള തറവാട്, സുഹൃത്തുക്കളുമായി കൂട്ടുകൂടിയിരിക്കുന്ന മൊട്ടമാടി, അങ്ങനെ ഒരുപാട് മനുഷ്യരാല്‍ ചുറ്റപ്പെട്ട കഥാപാത്രങ്ങളാണ് വിജയ് പിന്നീട് കൂടുതല്‍ സ്വീകരിക്കുന്നത്.

തമിഴ്നാട് എന്ന മാക്രോകോസത്തിനകത്തെ ഒരു പ്രോട്ടോടൈപ്പ് ആയി അദ്ദേഹം സിനിമയില്‍ ഇടപഴകുന്ന സമൂഹത്തെ അവതരിപ്പിക്കാന്‍ സാധിച്ച സിനിമകളില്‍ നിന്നൊക്കെ വാണിജ്യ വിജയത്തിനുപരിയായി അദ്ദേഹത്തിന് വലിയ പ്രേക്ഷകപിന്തുണ ലഭിച്ചു. ഇതിന്റെ ഒരു തുടര്‍ച്ചയായിട്ടാണ് തെരുവില്‍ ജീവിക്കുന്ന വര്‍ക്ഷോപ്പ് തൊഴിലാളി (തിരുമലൈ), ഇരുമ്പ് പണിക്കാരന്‍ (തിരുപ്പാച്ചി), മെക്കാനിക്ക് (ശിവകാശി) എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുന്നത്. ഇത് ഒരു താരം എന്ന നിലയില്‍ വിജയിന്റെ അടിത്തറ അടിസ്ഥാനവര്‍ഗ്ഗപ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ഭദ്രമാക്കി.

ഇതിനിടയിലാണ് സിനിമയുടെ ഭൂരിഭാഗവും തെരുവില്‍ ദരിദ്രനായി ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുമ്പോഴും ഇന്റര്‍വെല്ലിനു ശേഷം/ ക്ലൈമാക്‌സില്‍ കളക്റ്ററോ (മധുരെ) അസിസ്റ്റന്റ് കമ്മീഷണറോ (പോക്കിരി), നന്നായി വേഷം ധരിക്കുന്ന വ്യാപാരി/ അധോലോക നായകന്‍ ഒക്കെ ആയി രൂപാന്തരപ്പെട്ടു വരുന്ന വിജയിനെ നമ്മള്‍ കാണുന്നത്. ഇത് വളരെ കരുതലോടെ തന്റെ ഇമേജ് വികസിപ്പിച്ചുകൊണ്ടുവരുന്ന പ്രക്രീയയായിട്ടു വേണം വിലയിരുത്താന്‍. ബി-സി തിയറ്ററുകളില്‍ പൊടി പറത്തിയിരുന്ന വിജയുടെ സിനിമകള്‍ മള്‍ട്ടിപ്ലക്‌സുകളിലും വലിയ രീതിയില്‍ ആഘോഷിച്ച് തുടങ്ങുന്നത് ഇവിടെനിന്നുമാണ്.

സമകാലികരായ മറ്റു നടന്മാര്‍ ഗൗരവമുള്ള സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കുമ്പോഴും വിജയ് തന്റെ വിജയസിനിമകളുടെ ശരിപ്പകര്‍പ്പുകള്‍ നിര്‍മ്മിച്ച് മുന്നേറിക്കൊണ്ടിരുന്നു. ശങ്കര്‍ സംവിധാനം ചെയ്ത ‘നന്‍പനി’ലെ പ്രീമിയര്‍ സ്ഥാപനത്തില്‍ പഠിക്കുന്ന ബുദ്ധിമാനായ വിദ്യാര്‍ത്ഥിയെ പ്രേക്ഷകര്‍ അംഗീകരിച്ച് തുടങ്ങുന്നതോടെ നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള, നന്നായി ഭാഷ കൈകാര്യം ചെയ്യുന്ന, വിദേശികള്‍ പോലും അംഗീകരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിജയിന് കൂടുതല്‍ ആത്മവിശ്വാസം കൈവരികയായിരുന്നു.

പതിയെ പിന്നീട് വന്ന ചിത്രങ്ങളിലൂടെ (തുപ്പാക്കി, തെറി, ബീഗില്‍) ഒരു ഗ്ലോബല്‍ തമിഴന്‍ എന്ന ബ്രാന്‍ഡിലേക്ക് തന്നെ സ്വയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം വിജയ് വളരെ കൃത്യമായി നടത്തിത്തുടങ്ങുന്നു. ഈ പ്രയാണത്തില്‍ എടുത്തുപറയേണ്ട മാറ്റം അദ്ദേഹത്തിന്റെ സിനിമകള്‍ പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയം സംസാരിച്ച് തുടങ്ങുന്നു എന്നതാണ് (കത്തി, മെര്‍സല്‍, സര്‍ക്കാര്‍). നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ സിനിമയില്‍ കൈകാര്യം ചെയ്യുന്ന ഒരു പതിവ് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പൊതുവില്‍ ഉണ്ട്, അതിന്റെ ഏറ്റവും ഫലപ്രദമായ മോഡല്‍ ആണ് വിജയ് സമീപകാലങ്ങളില്‍ പരീക്ഷിച്ച് വിജയിക്കുന്നത്.

കൂടാതെ ഈ സിനിമകള്‍ക്ക് ഒരു പാന്‍-ഇന്ത്യന്‍ കാന്‍വാസും (തുപ്പാക്കി, തലൈവാ – മുംബൈ, കത്തി തുടങ്ങുന്നത് കൊല്‍ക്കത്തയില്‍ ആണ്) അതുവഴി തമിഴ്നാടിന് പുറത്തുള്ള സ്പഷ്ടമായ മാര്‍ക്കറ്റ് ലക്ഷ്യവും (മോഹന്‍ലാലിനെ ഉള്‍ക്കൊള്ളിച്ച് ‘ജില്ല’) കാണാവുന്നതാണ്. തന്റെ സിനിമകള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം സാമാന്യനോട്ടത്തില്‍ പൊളിറ്റിക്കലി കറക്റ്റ് ആവണം എന്ന ശ്രദ്ധയും വിജയ് ഈ കാലത്ത് കൈക്കൊള്ളുന്നതായി കാണാം. ശിവകാശി പോലുള്ള അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകള്‍ പേറിയിരുന്ന സിനിമകളില്‍ നിന്നുമാണ് വിജയിന്റെ കഥാപാത്രങ്ങളില്‍ ഇങ്ങനെയൊരു രൂപാന്തരം വരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇതിനു തുടര്‍ച്ചയായി സിനിമയില്‍ പറഞ്ഞ ഡയലോഗിന്റെ പേരില്‍ വീട്ടിലും ഓഫീസിലും റെയ്ഡ് അനുഭവിക്കുകയും അതിന്റെ മറുപടി അടുത്ത സിനിമയുടെ ഓഡിയോ റിലീസിന് പറയുകയും ഒക്കെ ചെയ്യുക വഴി വിജയ് എന്ന നടനും കഥാപാത്രവും തമ്മിലുള്ള നേര്‍ത്ത വര മായ്ച്ചു കളയാന്‍ അദ്ദേഹത്തിന് ഒരളവുവരെ സാധിക്കുന്നുണ്ട്. ചാനലുകള്‍ക്ക് അഭിമുഖം കൊടുക്കാതിരിക്കാനും പറയാനുള്ളത് ഒരു സിനിമ ഡയലോഗോളം കൃത്യമായി ആര്‍ട്ടിക്യൂലേറ്റ് ചെയ്ത് സിനിമയുടെ ഓഡിയോ ലോഞ്ചുകളില്‍ മാത്രം സംസാരിക്കാനും വിജയ് കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഈയിടെയായി പതിവ് ടെമ്പ്‌ലേറ്റുകളില്‍ നിന്നും മാറി തന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് മുതിരാനും വിജയ് ശ്രമിക്കുന്നതായി കാണാം.

ഇരട്ട വേഷങ്ങളും, വ്യത്യസ്ത ഗെറ്റപ്പുകളും (മെര്‍സല്‍, ബീഗില്‍) മറ്റും പരീക്ഷിക്കുന്നതില്‍ നിന്നും വളര്‍ന്ന് അടുത്തിറങ്ങിയ സിനിമകള്‍ വെച്ച് താരതമ്യപ്പെടുത്തിയാല്‍ ലോ-പ്രൊഫൈല്‍ എന്നുതന്നെ പറയാവുന്ന, എടുത്തുപറയത്തക്ക ഇന്റര്‍ടെക്സ്റ്റ്ല്‍ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ഒന്നുമില്ലാത്ത, ഒരു പഞ്ച്‌ലൈന്‍ പോലും പറയാത്ത, ജെ.ഡി. എന്ന കഥാപാത്രം വിജയുടെ കരിയറില്‍ തന്നെ ഏറ്റവും അപ്രതീക്ഷിതമായ മൂവി സെലക്ഷന്‍ ആയിരിക്കണം. ഇങ്ങനെ കൃത്യമായ ഇടവേളകളില്‍ ഇമേജ് മേക്കോവറുകള്‍ നടത്തി രൂപപ്പെടുത്തിയ കരിയറിന്റെ ഏതു ഘട്ടത്തിലാണ് നന്‍പനില്‍ നിന്നും അണ്ണനിലേക്കും അവിടെ നിന്നും ദളപതിയിലേക്കും വളര്‍ന്ന ഈ മനുഷ്യന്‍ തമിഴ്മക്കളുടെ തലൈവാ എന്ന വിളിക്ക് കാതോര്‍ക്കുന്നത് എന്നാണ് ഒരു രസികന്‍ എന്ന നിലയില്‍ കൌതുകത്തോടെ ഞാന്‍ നോക്കിക്കാണുന്നത്.