കളിയാക്കിയവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി പത്തൊമ്പതാം നൂറ്റാണ്ടിലെ നായിക

അന്യഭാഷകളില്‍ നിന്നും മലയാളത്തിലെത്തി വിജയക്കൊടി പാറിച്ച നിരവധി നടിമാരുണ്ട്. ഇതര ഭാഷകളില്‍ നിന്നും മലയാളത്തിലെത്തുമ്പോള്‍ നേരിടുന്ന കടുത്ത വെല്ലുവിളി ഭാഷ തന്നെയാണ്. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷയായാണ് മലയാളത്തെ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ മുറി മലയാളം സംസാരിച്ചും പറഞ്ഞും രക്ഷപ്പെടുന്ന ഇതരഭാഷാ നടിമാര്‍ക്ക് സോഷ്യല്‍ മീഡിയകളിലൂടെ വലിയ പരിഹാസങ്ങളും നേരിടേണ്ടി വരാറുണ്ട്.

ഇത്തരത്തില്‍ അടുത്ത സമയത്തായി സോഷ്യല്‍ മീഡിയകളില്‍ കളിയാക്കലുകള്‍ക്ക് വിധേയയാകേണ്ടി വന്ന നടിയാണ് കയാദു. സിജു വില്‍സണ്‍ നായകനായി എത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയില്‍ തിളങ്ങാന്‍ ഒരുങ്ങുകയാണ് കയാദു. താന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഗമാവുകയാണെന്ന വാര്‍ത്ത പങ്കുവെയ്ക്കുന്നതിനിടെ കയാദുവിന് മലയാളം പണികൊടുത്തിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് എന്നത് പൊത്തം പൊത്തം നൂത്തന്തു എന്നായിരുന്നു കയാദു പറഞ്ഞത്. ഇത് ട്രോളന്മാര്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ കയാദുവിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തു. താരത്തെ കളിയാക്കി ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെ പരിഹരിച്ചവര്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കയാദു. അതും നല്ല പച്ചമലയാളത്തില്‍.

സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പങ്കുവച്ച ഹോളി ആശംസ വീഡിയോയിലൂടെയായിരുന്നു താരം കൈയ്യടി നേടിയത്. മലയാളത്തിലായിരുന്നു കയാദു ആശംസ നേര്‍ന്നത്. എല്ലാവര്‍ക്കും ഹോളി ആശംസകള്‍. ഞാനിപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കഷനിലാണെന്നും കയാദു പറഞ്ഞു.