എന്റെ ​ഗ്ലാമറസ് ഫോട്ടോ കാണല്ലേ, ഞാൻ മരിച്ചാലും അത് ഷെയർ ചെയ്യരുത്- മുംതാസ്

തൊണ്ണൂറുകളിൽ തമിഴ് സിനിമയിൽ നിറഞ്ഞ് നിന്ന നടിയായിരുന്നു മുംതാസ്. ഖുഷി എന്ന വിജയ് ചിത്രത്തിലൂടെ ആകും ഒരുപക്ഷേ മലയാളികൾക്ക് മുംതാസ് കൂടുതൽ സുപരിചയായത്. പിന്നീട് താണ്ടവം എന്ന മലയാള സിനിമയിലും മുംതാസ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. നായികയ്ക്ക് പുറമെ ​ഗ്ലാമറസ് വേഷങ്ങളിൽ ആയിരുന്നു നടി ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾക്കും മുംതാസ് പാത്രമായിട്ടുണ്ട്. സിനിമകളിൽ സജീവമായി തുടരുന്നതിനിടെ ആയിരുന്നു മുംതാസ് പൂർണമായും ആത്മീയതയിലേക്ക് തിരിഞ്ഞത്. ഇപ്പോഴിതാ താൻ മരിച്ചു കഴിഞ്ഞാൽ തന്റെ ​ഗ്ലാമറസ് ഫോട്ടോകൾ ആരും ഷെയർ ചെയ്യരുതെന്ന് പറയുകയാണ് മുംതാസ്.

​ഗലാട്ട മീഡിയ എന്ന തമിഴ് യുട്യൂബ് ചാനലിൽ ആയിരുന്നു മുംതാസ് ഇക്കാര്യം പറഞ്ഞത്. “പുതിയ ആൾക്കാർക്ക് എന്റെ പാസ്റ്റ് എന്താണ് എന്ന് അറിയില്ല. ഞാൻ ആരാണ് എന്ന് അവർ ​ഗൂ​ഗിളിൽ പോയി നോക്കും. ഞാൻ എന്ത് ചെയ്താലും എന്റെ മുൻകാലം മായ്ച്ച് കളയാൻ സാധിക്കുന്ന ഒന്നല്ല. എന്റെ ​ഗ്ലാമറസ് ഫോട്ടോകൾ അവർ കാണണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നില്ല. എനിക്ക് നിറയെ പണം കിട്ടിയാൽ എന്റെ സിനിമകളുടെ എല്ലാ റൈറ്റ്സും വാങ്ങും. ഫോട്ടോകൾ എല്ലാം നീക്കം ചെയ്യും. എന്നെ ആരും ​ഗ്ലാമറസ് വേഷങ്ങളിൽ കാണാൻ പാടില്ല. ഇതൊന്നും നടക്കില്ലെന്ന് അറിയാം. നാളെ ഞാൻ മരിച്ച് പോയാൽ എന്റെ ​ഗ്ലാമറസ്, മോശപ്പെട്ട ഫോട്ടോകൾ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യർത്ഥനയുണ്ട്. എനിക്ക് വേണ്ടി അത് നിങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ എന്റെ മനസ് വല്ലാതെ വേദനിക്കും”, എന്നാണ് മുംതാസ് പറഞ്ഞത്.

1999ൽ ടി രാജേന്ദ്രറിന്റെ മോനിഷ എൻ മോണാലിസ എന്ന ചിത്രത്തിലൂടെയാണ് മുംതാസ് വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ സിനിമകൾ അവരെ തേടി എത്തി. പിന്നീട് 2009ൽ തമിഴ് സിനിമയിൽ നിന്നും താരം പിന്മാറി. ശേഷം ചില തെലുങ്ക് സിനിമകൾ അഭിനയിച്ച ഇവർ അതും പിന്നീട് അവസാനിപ്പിച്ചു. തമിഴ് ബി​ഗ് ബോസിൽ 96 ദിവസം നിന്ന മുംതാസ് പിന്നീട് പൂർണമായും ആത്മീയതയിലേക്ക് തിരിയുക ആയിരുന്നു. ഇനി ഒരിക്കലും അഭിനയത്തിലേക്ക് തിരികെ വരില്ലെന്നും മുംതാസ് തുറന്നു പറഞ്ഞിരുന്നു. തമിഴ്, തെലുങ്ക്, മലയാളം സിനിമകൾക്ക് പുറമെ കന്നഡ സിനിമകളിലും മുംതാസ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.