മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി നേരിട്ടു- പ്രിയ വാര്യർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവൻ പ്രശസ്തയായ നടി കൂടിയാണ് പ്രിയ വാര്യർ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനമായിരുന്നു നടിയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. അഭിനേതാവ് മാത്രമല്ല താൻ മികച്ച ഒരു ഗായിക കൂടിയെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ. സിനിമയിൽ പാടിയത് ഉൾപ്പെടെ താരത്തിന്റെ നിരവധി ഗാനങ്ങളാണ് പുറത്ത് എത്തിയത്.

ഇപ്പോളിതാ ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തി നേടിയതിന് പിന്നാലെ തനിക്ക് കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നുവെന്ന് തുറന്നു പറയുകയാണ് താരം, വാക്കുകളിങ്ങനെ,

കേന്ദ്ര സർക്കാരിന്റെ സ്‌കിൽ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്ഡ് സോൺ എന്ന സംഘടന ആരംഭിച്ച സൈബർ കുറ്റകൃത്യ ജാഗ്രത ക്യാമ്പയിൻ അംബാസഡറായി നടി പ്രിയാ വാര്യർ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രിയ ഇക്കാര്യം അറിയിച്ചത്.

സൈബർ ആക്രമണങ്ങൾ മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി ഉയർത്തുമെന്നും അത് നേരിട്ട വ്യക്തിയാണ് താൻ എന്നും അതിനാൽ ഈ മേഖലയിൽ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ പറഞ്ഞു. ഒടുവിൽ ചെയ്ത ‘ലൗ ഹാക്കേഴ്സ്’ എന്ന സിനിമയിൽ നമ്മൾ ദൈനംദിനം കാണുന്ന ഇന്റർനെറ്റിന്റെ മറുവശമായ ‘ഡാർക്ക് വെബി’നെപ്പറ്റി കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. തട്ടിപ്പുകൾ മുതൽ മനുഷ്യക്കടത്തുവരെ ഡാർക്ക് വെബിന്റെ മറവിൽ നടക്കുന്നുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബർ സുരക്ഷയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കണമെന്നും പ്രിയ പറഞ്ഞു.