‘മൂസെവാലയുടെ ഗതി നിങ്ങള്‍ക്കും’,സല്‍മാന്‍ ഖാന് തോക്ക് ലൈസന്‍സ്.

മുംബൈ. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ മുംബൈ പൊലീസ് ലൈസന്‍സ് നൽകി. അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടെന്നറിയിച്ച് സൽമാൻ ഇക്കഴിഞ്ഞ ജൂലൈ 22-ന് തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു.

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിറകെയാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉണ്ടാവുന്നത്. മൂസെവാലയുടെ ഗതി നിങ്ങൾക്കും ഉണ്ടാവും എന്നാണ് സല്‍മാന് ലഭിച്ച കത്തില്‍ പറഞ്ഞിരുന്നത്.

സല്‍മാന്റെ അപേക്ഷ ലഭിച്ചയുടന്‍ ഇത് താരം താമസിക്കുന്ന സോണ്‍ 9-ന്റെ ചുമതലയുള്ള ഡിസിപിക്ക് കൈമാറുകയായിരുന്നു. ഡിസിപിയുടെ നിര്‍ദേശപ്രകാരമാണ് സല്‍മാന്‍ ഖാന് തോക്ക് ലൈസന്‍സ് അനുവദിച്ചത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. അതേസമയം ഏത് തോക്ക് ഉപയോഗിക്കാം എന്ന കാര്യം പൊലീസ് വ്യക്തമായിട്ടില്ല. പോയിന്റ് 32 കാലിബര്‍ പിസ്റ്റളോ, റിവോള്‍വറോ ആയിരിക്കും സല്‍മാന്‍ ഉപയോഗിക്കുക യെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.