മരിച്ചാൽ മൃതദേഹം ദഹിപ്പിക്കണം, ശരീരം പുഴുവരിച്ച്‌ നശിക്കരുത് എന്ന നിർബന്ധമുണ്ട്- ഷീല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. സത്യൻ നസീർ ഉൾപ്പെടെയുള്ള മലയാളത്തിലെ ആദ്യകാല മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ നടിയായിരുന്നു ഷീല. കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും ഷീല മലയാളി മനസുകൾ കീഴടക്കി. ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ നടി പിന്നീട് മലയാള സിനിമയിൽ സജീവമാകുന്നതാണ് കണ്ടത്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് നടി.

മരണ ശേഷം തന്റെ മൃതദേഹം കുഴിച്ചിടരുതെന്ന് മകനോട് ആഗ്രഹം പറഞ്ഞിട്ടുണ്ടെന്ന് ഷീല പറയുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജീവിതത്തെ കുറിച്ച്‌ സംസാരിക്കുന്നതിനിടയിലായിരുന്നു ഷീല ഇക്കാര്യം പറഞ്ഞത്. ഇനിയൊരു ജന്മം വേണ്ട. ആശകൾ തീർക്കാതെ പോവുന്നവരാണ് വീണ്ടും ജന്മമെടുക്കുന്നത്. ദൈവം എല്ലാം തന്നു. തന്റെ ആശകളെല്ലാം തീർത്തു. തൃപ്തയാണ്. പക്ഷേ അവസാനമായൊരു ആഗ്രഹമുണ്ട്. അത് താൻ എഴുതിവെച്ചിട്ടുണ്ട് എന്നാണ് ഷീല പറഞ്ഞത്. മരിച്ചാൽ തന്റെ മൃതദേഹം ദഹിപ്പിക്കണം. ശരീരം പുഴുവരിച്ച്‌ നശിക്കരുത് എന്ന നിർബന്ധമുണ്ടെന്ന് ഷീല പറയുന്നു.

ഹിന്ദു വിഭാഗത്തിനിടയിലുള്ള വലിയൊരു നല്ല കാര്യമാണ് മരിച്ച ശേഷം ശരീരം ദഹിപ്പിക്കുന്നത്. നമ്മുടെ ശരീരം പുഴുവും കുത്തി കിടക്കുന്നത് എന്തിനാണ്. അതോടെ കൂടി തീരുകയാണ്. ഓരോ കൊല്ലവും ബന്ധുക്കൾ കല്ലറയിൽ വന്ന് പ്രാർത്ഥന നടത്തുന്ന ആചരമൊക്കെ ഞങ്ങൾ ക്രിസ്ത്യാനികൾക്കിടയിലുണ്ട്. മക്കളൊക്കെ വന്ന് പൂക്കളൊക്കെ അർപ്പിച്ച്‌ മെഴുകുതിരി കത്തിച്ച്‌ പ്രാർത്ഥിക്കുകയൊക്കെ വേണം.

അവരൊക്കെ ചെയ്യുമോയെന്ന് നമുക്കെങ്ങനെ അറിയാം, അവർ മറന്നുപോയാലോ, അതല്ല ഇനി രാജ്യത്തിന് പുറത്താണെങ്കിലോ. അപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിയുമോ. അതിലും നല്ലത്, എന്നെ ഞാനാക്കിയ എന്റെ കേരളത്തിൽ എന്റെ ചാമ്പൽ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചു കളയണമെന്ന് എനിക്ക് നിർബന്ധമുള്ള കാര്യമാണ്.