ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ; സമരം തുടരും

ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ. ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടേയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചു. കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതി നിര്‍ദ്ദേശ പ്രകാരമുള്ള നടപടികള്‍ക്കായി സിഡബ്ല്യൂസിക്ക് മുമ്പാകെ ഹാജരായതിന് ശേഷമാണ് അനുപമയുടെ പ്രതികരണം.

”ഷിജു ഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂര്‍ണമായി അംഗീകരിക്കാനാവില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎന്‍എ നടപടികള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും” അനുപമ പറഞ്ഞു.

സിഡബ്യുസി ചെയര്‍പേഴ്‌സണും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അനുപമ സമരം തുടരുകയാണ്. ശിശു ദിനത്തില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന് മുന്നില്‍ കുഞ്ഞിനായി തൊട്ടില്‍കെട്ടിയായിരുന്നു കഴിഞ്ഞ ദിവസം അനുപമയുടെ സമരം. സമിതി ആസ്ഥാനത്ത് ശിശുദിനാഘോഷ പരിപാടികള്‍ നടക്കുമ്പോഴായിരുന്നു പുറത്ത് അനുപമയുടെ വേറിട്ട സമരം.

അതിനിടെ, അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഒന്നാം പ്രതി അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെയുള്ള അനുപമയുടെ കേസ്. കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രന്‍ മാത്രം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. കേസന്വേഷണം ഊര്‍ജ്ജിതമാകുന്നതിടെയാണ് ഒന്നാം പ്രതി ജയചന്ദ്രന്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.