ഗ്രീഷ്മ ലൈംഗികബന്ധത്തിനായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കഷായം നൽകിയത്

തിരുവനന്തപുരം. ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി അമ്മാവൻ നിർമൽകുമാർ എന്നിവർക്കെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ചത്.

കേസിൽ ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം നൽകിയത്. ഷാരോണിനെ ജീവിതത്തിൽനിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒന്നാംപ്രതിയായ ഗ്രീഷ്മ, ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് സൈനികന്റെ വിവാഹാലോചന വന്നു.

ഇതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പല കള്ളങ്ങൾ പറഞ്ഞിട്ടും ഷാരോൺ ബന്ധത്തിൽനിന്ന് പിന്മാറിയില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.