ഫിറോസ് കുന്നുംപറമ്പിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയെന്ന് ആക്ഷേപം; അന്വേഷിക്കാനെത്തിയ ചാനൽ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തെന്നു പരാതി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് കുന്നുംപറമ്പിൽ സേവന പ്രവർത്തനങ്ങളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ബിനാമി ഇടപാടിലാണ് ഇത്തരം തട്ടിപ്പ് എന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ജനം ടിവി ചാനൽ സംഘത്തെ ഫിറോസ് കുന്നുംപറമ്പിലിന്റെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു.

മഞ്ചേരിയിലെ ആലുക്കലിൽ ചിലർക്ക് ഫിറോസ് കുന്നുംപറമ്പിൽ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. ഇതിനായി ഫണ്ട് സ്വരൂപിച്ച് ബിനാമി ഇടപാടുകൾ നടത്തുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്റെ സത്യാവസ്ഥ അറിയാനായാണ് ചാനൽ സംഘം ആലുക്കലിലേക്ക് പോയത്. എന്നാൽ പ്രദേശത്ത് എത്തിയ സംഘത്തെ ഗുണ്ടകൾ തടയുകയായിരുന്നു. ഇത്തരത്തിൽ അന്വേഷണത്തിനും മറ്റുമായി ഇവിടേക്ക് എത്തുന്നവരെ തടായാനായാണ് ഗുണ്ടകളെ ഏർപ്പാടാക്കിയിരിക്കുന്നത്.

ചാരിറ്റിയുടെ പേരിൽ വിദേശത്തു നിന്നും സ്വദേശത്തു നിന്നും കോടിക്കണക്കിന് രൂപയാണ് ഫിറോസ് കുന്നുംപറമ്പിൽ കൈപ്പറ്റുന്നത്. എന്നാൽ ഇതിനൊന്നും തന്നെ വ്യക്തമായ രേഖകൾ ഇല്ല. ഇത്തരത്തിൽ ലഭിക്കുന്ന പണം ബിനാമി ഇടപാടുകൾക്കായി വിനിയോഗിക്കുന്നതായാണ് നാട്ടുകാരും ആരോപിക്കുന്നത്. ഫിറോസ് കുന്നുംപറമ്പിലിന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, എൻഫോഴ്‌സ്‌മെന്റ് എന്നിവർക്ക് കത്ത് നൽകിയതായി പ്രദേശവാസി പറയുന്നു. സാമ്പത്തിക തട്ടിപ്പുകൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗുണ്ടകളെവിട്ട് ഫിറോസ് കുന്നുംപറമ്പിൽ ആക്രമിക്കാറുണ്ടെന്നും പ്രദേശവാസി വ്യക്തമാക്കുന്നു.

നേരത്തെയും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പരാതിക്കാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. ചികിത്സയ്‌ക്കായി ലഭിച്ച സംഭാവനകൾ ഫിറോസ് തനിക്ക് താൽപര്യമുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചതും വിവാദമായിരുന്നു. മകന്റെ ചികിത്സയ്‌ക്കായി സമാഹരിച്ച തുക ഫിറോസ് കുന്നുംപറമ്പിൽ മുഴുവനായി നൽകിയില്ലെന്ന ആരോപണവുമായി ദമ്പതികൾ രംഗത്ത് വന്നതും, അമ്മയുടെ കരൾ ചികിത്സയ്‌ക്കായി ലഭിച്ച തുക നൽകിയില്ലെന്ന പെൺകുട്ടിയുടെ ആരോപണവും വലിയ വിവാദമായിരുന്നു.