ഭര്‍ത്താവിനെ ചതിച്ച് കാമുകനെ സ്വന്തമാക്കാനുള്ള നീതുവിന്റെ ശ്രമത്തില്‍ പകച്ച് പോയത് ഒരു ബാല്യവും, അമ്മ പാവമാണെന്ന് മകന്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതിനെ ചൊല്ലിയുള്ള ബഹളത്തില്‍ പകച്ച് ജീവിതം തകരുന്നത് മറ്റൊരു കുരുന്നിന്റേത് കൂടെയാണ്. പ്രതിയായ നീതു രാജിന്റെ എട്ട് വയസുകാരനായ മകനാണ് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകാതെ വലയുന്നത്. അമ്മ പറഞ്ഞ വാക്കുകള്‍ എല്ലാം കേട്ട് അനുസരിച്ച ആ കുരുന്നിന് ഏറെ വേദനയും അനുഭവിക്കേണ്ടതായി വന്നു.

അമ്മയോടൊപ്പം നാലാം തീയതി സന്തോഷത്തോടെയാണ് അവന്‍ യാത്ര തിരിച്ചത്. എന്തിന് പോകുന്നെന്നോ എവിടെ പോകുന്നെന്നോ അവനറിയില്ലായിരുന്നു. എങ്കിലും യാത്രയുടെ കാര്യം ഓര്‍ത്ത് അവന്‍ ത്രില്ലിലായിരുന്നു. കോട്ടയത്ത് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് അടുത്ത് ഹോട്ടലില്‍ മുറിയെടുത്തതും ആ ദിവസങ്ങളില്‍ ആശുപത്രിയിലേക്കും സമീപ സ്ഥലങ്ങളിലേക്കുള്ള യാത്രയും ഹോട്ടലിലെ ഭക്ഷണവുമൊക്കെ കുട്ടി ആസ്വദിച്ചിരുന്നു.

സംഭവദിവസവും അമ്മയുടെ കൂടെ അവന്‍ പോയി. അമ്മയുടെ നിര്‍ദേശം അനുസരിച്ച് പ്രസവ വിഭാഗത്തിന് മുന്നില്‍ കാത്തു നിന്നും. തിരികെ ഒരു തുണി പൊതിയുമായി എത്തിയ അമ്മയ്ക്ക് ഒപ്പം അവന്‍ നടന്നു നീങ്ങി. അത് അവന്റെ കുഞ്ഞനുജത്തിയാണെന്ന് ആയിരിക്കും പറഞ്ഞിരിക്കുക. അതിനാലാവും സിസി ടിവി ദൃശ്യങ്ങളിലും പോലീസ് മുറിയിലെത്തിയപ്പോഴുമൊക്കെ ബാലന്‍ സന്തോഷത്തിലായിരുന്നു.

എന്നാല്‍ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പോലിസ് മുറിയിലെത്തി അമ്മയോട് ദേഷ്യത്തില്‍ സംസാരിക്കുന്നത് കണ്ട് അവന്‍ ഞെട്ടി. അമ്പരന്നു. ഇതിനിടെ കുട്ടി പേടിച്ച് കരഞ്ഞു. അമ്മ പാവമാമ്, ഒന്നും ചെയ്യല്ലേയെന്ന് അവന്‍ പറഞ്ഞു. പിന്നെ അമ്മയ്ക്ക് ഒപ്പം പോലീസ് സ്റ്റേഷനിലേക്ക് യാത്ര. അമ്മയെ മറ്റെവിടെയോ കൊണ്ടുപോയെന്ന് മനസിലായതോടെ വീണ്ടും അവന്‍ കരയാന്‍ തുടങ്ങി. വനിത പോലീസുകാര്‍ അവനെ ആശ്വസിപ്പിച്ച് ശിശുസൗഹൃദ മുറിയിലേക്ക് മാറ്റി.

എങ്കിലും കുട്ടിക്ക് സങ്കടമായിരുന്നു ഇടയ്ക്ക് ഒരിക്കല്‍ അഞ്ച് മിനിറ്റ് അവന്‍ അമ്മയെ കണ്ടു. വീണ്ടും മുറിയിലേക്ക് പോന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ സങ്കടവും ഭയവും തോന്നിയ അവന്‍ ഒടുവില്‍ രാത്രി വൈകി നീതുവിന്റെ ബന്ധുക്കളുടെ അരികിലെത്തി. അമ്മ എവിടെയെന്നോ എന്താണ് സംഭവിക്കുന്നതോ മനസിലാകാതെ അവന്‍ ബന്ധുക്കള്‍ക്ക് ഒപ്പം മടങ്ങി.