അ​ഗ്നി-1, ഹ്രസ്വ​ദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിക്ഷേപണം വിജയകരം

ഭുവനേശ്വർ : ഹ്രസ്വ​ദൂര ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. ഉയർന്ന പ്രവർത്തനക്ഷമതയും സാങ്കേതികത്വത്തെയും നിർവചിക്കുന്ന മാനദണ്ഡങ്ങളെ ഉൾക്കൊള്ളാനും വിജയിക്കാനും അ​ഗ്നി-1 ന് കഴി‍ഞ്ഞതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നുമാണ് അ​ഗ്നി-1 പറന്നുയർന്നത്.

നേരത്തെ ജൂൺ മാസത്തിലും ഇതേ പരീക്ഷണം നടത്തിയിരുന്നു. ഉയർന്ന കൃത്യതയുള്ള മിസൈൽ സംവിധാനമാണ് അ​ഗ്നി-1. അ​ഗ്നി സീരിസ് മിസൈലുകളുടെ വിവിധ വകഭേദങ്ങൾ ഭാരതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒഡീഷ തീരത്ത് നിന്ന് പുതുതലമുറ ബാലിസ്റ്റിക് മിസൈലായ അ​ഗ്നി പ്രൈം വിജയകരമായി വിക്ഷേപിച്ചിരുന്നു.

അ​ഗ്നി 1 മുതൽ 4 വരെയുള്ള മിസൈലുകൾക്ക് 700 കിലോമീറ്റർ മുതൽ 3,500 കിലോമീറ്റർ വരെ ദൂരമുണ്ട്.ഡിസംബറിൽ 5,000 കിലോമീറ്റർ വരെ ദൂരത്തിൽ പ്രതിരോധം തീർക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലായ അ​ഗ്നി-വി വിജയകരമായി പരീക്ഷിച്ചിരുന്നു.