ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ ചുമതലകളില്‍ പുനക്രമീകരണം നടത്തി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചുമതലകള്‍ പുനക്രമീകരിച്ച് കോണ്‍ഗ്രസ്. കേരളത്തിന്റെ ചുമതലയില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ മാറ്റി. പകരം ചുമതല നല്‍കിയിരിക്കുന്നത് ദീപാദാസ് മുന്‍ഷിക്കാണ്. കേരളത്തിന് പുറമെ തെലങ്കാനയുടെയും ലക്ഷദ്വീപിന്റെയും ചുമതല ദീപാ ദാസിനാണ്.

അതേസമയം പ്രിയങ്ക ഗാന്ധിച്ച് ചുമതലകള്‍ ഒന്നും നല്‍കിയിട്ടില്ല. യുപിയുടെ ചുമതലയില്‍ നിന്നും പ്രിയങ്കയെ നീക്കിയിരുന്നു. സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാല്‍ തുടരും. ദേശീയ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തല മഹാരാഷ്ട്രയുടെ ചുമതലയുള്ള ഭാരവാഹിയാകും.

അശോക് ഗെലോട്ടിനോട് കൊമ്പുകോര്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഛത്തീസ്ഗഡിന്റെ ചുമതല നല്‍കി.