എഐ ക്യാമറ വിവാദം, ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യപിതാവിന്റെ ബിനാമിയെന്ന് ശോഭാ സുരേന്ദ്രൻ

തൃശൂര്‍. മുഖ്യമന്ത്രിക്ക് ബോണ്‍വിറ്റ കൊടുക്കുന്ന പണിയാണ് പ്രതിപക്ഷ നേതാവിനെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. റോഡ് ക്യാമറയുടെ ടെന്‍ഡര്‍ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യപിതാവ് പ്രകാശ് ബാബുവിന്റെ ബെനാമി കമ്പിനിയാണെന്നും ആ പേര് പറയാതിരിക്കുവാന്‍ പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ശ്രദ്ധിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ പരസ്പര സഹായ മുന്നണിയായിട്ടാണ് എല്‍ഡിഎഫും യുഡിഎഫും പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്ത് സ്ഥാപിച്ച ക്യാമറകളുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്തണമെന്നും ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയതായും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലെ വ്യവസായിയാണ് ക്യാമറ തട്ടിപ്പിന് പിന്നിലെന്ന് പറയുമ്പോഴും ആ പേര് ചര്‍ച്ചയില്‍ വരാതിരിക്കുവാന്‍ പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടെന്നും ശോഭ വ്യക്തമാക്കി.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് തട്ടിപ്പാണ്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തെ തന്റെ വഴിക്കു കൊണ്ടുപോകുന്നതില്‍ വൈദഗ്ധ്യം നേടിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. 7 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി എന്നാണ് കേരള സര്‍ക്കാരിന്റെ അവകാശവാദം. അവരുടെ പട്ടിക പുറത്തു വിടാന്‍ കേരള പിഎസ്സിയെ വെല്ലുവിളിക്കുകയാണ്. തൃശൂര്‍ പൂരത്തിന് ലയണല്‍ മെസ്സിയുടെ ചിത്രമുള്ള കുട ഉയര്‍ത്തിയത് തൃശൂര്‍ക്കാരുടെ വിവേചനപരമായ വിഷയമാണെന്നും അവര്‍ പറഞ്ഞു.