എ.ഐ. ക്യാമറകളില്‍ കുടുങ്ങി വി ഐ പികൾ, ആറു തവണ നിയമം ലംഘിച്ച എംപിയും, എംഎൽഎമാരും ഉൾപ്പെടെ മുപ്പതിലധികംപേർ, നോട്ടിസയച്ച് മോട്ടാര്‍ വാഹനവകുപ്പ്

​ഗതാ​ഗത നിയമങ്ങൾ ലംഘിക്കുന്ന വിഐപികൾക്കും രക്ഷയില്ലാ. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകളില്‍ കുടുങ്ങി എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള വിഐപികൾ. എല്ലാവർക്കും മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. ഒരു മാസത്തിനിടെ 19 എം.എല്‍.എമാരും പത്ത് എം.പിമാരും എ.ഐ. ക്യാമറയില്‍ കുടുങ്ങിയതായി തിരുവനന്തപുരത്ത് എ.ഐ. ക്യാമറകളുടെ അവലോകനയോഗത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ ക്യാമറയിൽ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ. തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് എം.എല്‍.എമാര്‍ക്കും എംപിമാര്‍ക്കുമെതിരേ കണ്ടെത്തിയിട്ടുള്ളത്.

32,42,277 നിയമലംഘനങ്ങളാണ് ബുധനാഴ്ചവരെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് . ഇതില്‍ 15,83,367 എണ്ണം പരിശോധിച്ചു. 3,82,580 പേര്‍ക്ക് ഇ ചലാന്‍ ജനറേറ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനത്തിന് ചലാന്‍ അയച്ചത് 3,23,604 പേര്‍ക്കാണ്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.ഐ. ക്യാമറകള്‍ വന്നതിനു ശേഷം വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഏകദേശം 25 കോടി രൂപയുടെ പിഴയാണ് ഇതിനകം ചുമത്തിയിട്ടുള്ളത്. ഇതില്‍ ചലാന്‍ അയച്ചതും പിഴ അടച്ചതും 3.3 കോടി മാത്രമാണ്. ചലാന്‍ അയച്ചതിനു ശേഷവും ചിലര്‍ പിഴ അടയ്ക്കാന്‍ വൈകുന്നുണ്ട്.