ജീവനക്കാർ കൂട്ടഅവധിയിൽ, 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ, ദുരിതത്തിൽ

ന്യൂഡല്‍ഹി : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ‌ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 70-ലധികം സര്‍വീസുകള്‍ റദ്ദാക്കിയത്. 300-ലധികം മുതിര്‍ന്ന ജീവനക്കാരാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ അസുഖഅവധിയെടുത്തത്. ഇതേത്തുടര്‍ന്ന് 79-ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം. കൂട്ടഅവധിയെടുത്ത ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കുകയോ ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് രോഷവും നിരാശയും നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, വീസ റദ്ദാകുന്നവർ അടക്കം ഈ വിമാനത്തിലുണ്ടായിരുന്നു. ചിലർ ടിക്കറ്റ് റദ്ദാക്കി നാൽപതിനായിരത്തോളം രൂപ മുടക്കി ഇൻഡിഗോയുടെ ടിക്കറ്റെടുത്തു. തുള്ളി വെള്ളം പോലും കുടിക്കാൻ ലഭിച്ചില്ലെന്നും കഴിക്കാൻ ബ്രെഡ് തന്നെ കിട്ടിയത് ഭാഗ്യമെന്നുമാണ് ചില യാത്രക്കാർ പറഞ്ഞത്. അർധരാത്രി നൂറിലേറെ പേരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

കൊച്ചിയില്‍ ഇന്ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഷാര്‍ജ, മസ്കറ്റ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് റദ്ദാക്കിയത്. മുപ്പതോളം വിമാനങ്ങളാണ് യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ക്യാബിൻ ക്രൂവിന്റെ സമരം നിയമവിരുദ്ധമെന്നാണ് കമ്പനിയുടെ വിശദീകരണം. യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്ര സംവിധാനമോ ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി.