‘ഞാന്‍ ജീത്തു ജോസഫാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, ദൃശ്യം 2ല് തനിക്കൊരു വേഷമുണ്ടെന്ന് പറഞ്ഞു’; അജിത് കൂത്താട്ടുകുളം

ദൃശ്യം2 ല്‍ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജിത്ത് കൂത്താട്ടുകുളം താന്‍ സിനിമയിലേക്ക് വരാനിടയായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നു. എല്ലാവരേയും പോലെ ദൃശ്യത്തിന്റെ ആദ്യഭാഗം കണ്ട് കൈയ്യടിച്ച് തീയേറ്ററില്‍ നിന്നും ഇറങ്ങിയ ആളാണ് താനെന്ന് അജിത്ത് പറയുന്നു. രണ്ടാം ഭാഗത്തില്‍ താനുമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ചിത്രത്തില്‍ ജോര്‍ജ്ജ്കുട്ടിക്കെതിരെ നിര്‍ണ്ണായകമായ മൊഴി നല്‍കുന്നത് ജോസ് എന്ന അജിത്തിന്റെ കഥാപാത്രമാണ്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറയുകയാണ് അജിത്ത്. മനു അടിമാലി പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അജിത്ത് മനസ് തുറന്നത്. എല്ലാവരേയും പോലെ ദൃശ്യത്തിന്റെ ആദ്യഭാഗം കണ്ട് കൈയ്യടിച്ച് തീയേറ്ററില്‍ നിന്നും ഇറങ്ങിയ ആളാണ് താനെന്ന് അജിത്ത് പറയുന്നു. രണ്ടാം ഭാഗത്തില്‍ താനുമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നാണ് അജിത്ത് പറയുന്നത്. സിനിമ റിലീസ് ആകുന്നത് വരെ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും പിന്നീട് ജനങ്ങള്‍ സിനിമ സ്വീകരിച്ചതോടെയാണ് ആശ്വാസമായതെന്നും അജിത്ത് പറയുന്നു.

അജിത്തിന്റെ ടെന്‍ഷന് ഒരു കാരണമുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവമാണ് അത്. ആ കഥയും അജിത്ത് പങ്കുവെക്കുന്നുണ്ട്. ”പൂജ കഴിഞ്ഞ് ക്യാമറ ആദ്യം വെക്കുന്നത് എന്റെ മുഖത്തു നിന്നാണ്. അതുപോലെ തന്നെ പാക്ക് അപ്പ് ആയപ്പോഴും അവസാന ഷോട്ട് എന്റെ ആയിരുന്നു. അന്ന് സര്‍ എന്നോട് പറഞ്ഞു, ഈ സിനിമ എങ്ങാനും പൊളിഞ്ഞു പോയാല്‍ നിന്നെ കൂത്താട്ടുകുളത്ത് വന്ന് തല്ലുമെന്ന്” അജിത്ത് പറയുന്നു.

സംവിധായകന്‍ ജീത്തു ജോസഫ് തന്നെ വിളിച്ചതിനെക്കുറിച്ചും അജിത് പറഞ്ഞു. ‘ഞാന്‍ ജീത്തു ജോസഫാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ദൃശ്യം 2ല് തനിക്കൊരു വേഷമുണ്ട്, അദ്ദേഹത്തെ ഒന്ന് തിരിച്ച് വിളിക്കാന്‍ പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് കൊച്ചിയിലെത്തി കൊവിഡ് ടെസ്റ്റ് ചെയ്തു. പിന്നെ ഞങ്ങളെ പുറത്ത് വിട്ടിട്ടില്ല. ആമസോണ്‍ പ്രൈം എന്നൊക്കെ പറഞ്ഞിട്ടുള്ള കേസൊന്നും നമുക്ക് അറിയത്തില്ല. എന്റെ കുറേ സുഹൃത്തുക്കളും വിളിച്ചിരുന്നു എങ്ങിനെയാണ് സിനിമ കാണുക എന്ന് ചോദിച്ച്.’ അജിത്ത് പറയുന്നു.