പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന ഉടനെ എഞ്ചിന് തീ പിടിക്കുകയായിരുന്നു. ഹൊനോലുലുവിലേക്ക് പോവുകയായിരുന്ന ബോയിംഗ് 777-200 വിമാനത്തിന്റെ എഞ്ചിനാണ് തീ പിടിച്ചത്. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ പൊലറ്റുമാര്‍ ഉടന്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.

വിമാനത്തിന്റെ എഞ്ചിന് തീ പിടിക്കുന്നതും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നിലത്ത് പതിക്കുന്നതുമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിനകത്ത് നിന്ന് പകര്‍ത്തിയതാണെന്ന് സംശയിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. 231 യാത്രക്കാരും 10 ജീവനക്കാരും ഉള്‍പ്പെടെ 241 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടം മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോയില്‍ എഞ്ചിന് തീപിടിച്ചതായി കാണാന്‍ സാധിക്കും. 2018ലും സമാനരീതിയില്‍ ബോയിംഗ് 777 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുന്‍പ് തകരാറിലായിരുന്നു. അപകടാവസ്ഥയിലും വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.