രമേശ് ചെന്നിത്തലക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ കേസ് കൊടുത്ത് എ.കെ ബാലന്‍

പാലക്കാട്; ശബരിമലയുമായി ബന്ധപ്പെട്ട ജി.സുകുമാരന്‍ നായരുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എ.കെ.ബാലന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. മുഖ്യമന്ത്രിക്കെതിരെ അയ്യപ്പകോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിക്കെതിരെ വിശ്വാസികള്‍ വോട്ടു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തതിനെതിരെയും പരാതിയുണ്ട്.

വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂര്‍വം ദുരുപയോഗം ചെയ്യുകയാണെന്നും പരാതിയില്‍ ആരോപിച്ചു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ചൊവ്വാഴ്ച രാവിലെ പറഞ്ഞിരുന്നു. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

രാവിലെ ഏഴിന് വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാരന്‍ നായര്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ബാലന്‍ പരാതി നല്‍കിയത്