മൂന്ന് മക്കളെ പെറ്റു പോറ്റി വളര്‍ത്തി, കുഴിമടിയനായ നിന്നെയും നോക്കുന്ന അത്രയും ബുദ്ധിമുട്ട് എവറസ്റ്റ് കയറാനുണ്ടാവില്ല, ഭാര്യയുടെ സോളോട്രിപ്പിനെ കുറിച്ച് ഭര്‍ത്താവ്

ഭാര്യയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് കൊടുക്കാന്‍ ഒപ്പം നില്‍ക്കുന്ന പല ഭര്‍ത്തക്കാന്മാരുമുണ്ട്. ഇത്തരത്തില്‍ തന്റെ ഭാര്യയുടെ സ്വപ്‌നമായ എവറസ്റ്റ് കയറുക എന്നതിന് കട്ടക്ക് കൂടെ നില്‍ക്കുകയാണ് ബനി സാദര്‍ എന്ന ഭര്‍ത്താവ്. ഭാര്യയുടെ ഈ സ്വപ്‌നത്തെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്,.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം, പാത്തു: മൂന്ന് മക്കളുടെ അമ്മ. സ്വപ്നം : ഹിമാലയത്തിലെ എവെറസ്റ്റ് കൊടുമുടി കയറുക. മൂന്ന് വര്‍ഷം മുന്‍പ് ഭൂട്ടാനിലെ ടൈഗര്‍ നെസ്റ്റ് എന്ന ബുദ്ധ വിഹാരത്തിലേക്കു പാത്തുവും മക്കളും ഞാനും കൂടെ ട്രെക്കിംഗ് ചെയ്യുമ്പോള്‍ ആയിരുന്നു പാത്തു ആദ്യമായി ഈ ഒരു ആഗ്രഹം എന്നോട് പറഞ്ഞത്. ‘ഒരു ദിവസം നമ്മള്‍ക്ക് എവെറസ്റ്റ് കയറണം എന്ന്’ ആ ടൈഗര്‍ നെസ്റ്റില്‍ എത്താന്‍ ആറ് മണിക്കൂറില്‍ അധികം മല കയറി തളര്‍ന്നു, ഇനി എങ്ങനെ താഴേക്കു തിരിച്ചു ഇറങ്ങും എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ ആയിരുന്നു പാത്തു ഈ കാര്യം പറഞ്ഞത്.

ഞാന്‍ പറഞ്ഞു ‘അല്ല മോളേ, ഈ അഞ്ചാറു മണിക്കൂര്‍ കൊണ്ട് തന്നെ മനുഷ്യന്റെ ഊപാട് ഇളകി, അപ്പോഴാണോ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന എവെറസ്റ്റ്, എന്നെ കൊണ്ട് പറ്റൂല.’ പാത്തു മറുപടി പറഞ്ഞു, ‘ എന്നാല്‍ പിന്നെ ഞാന്‍ ഒറ്റക്ക് തന്നെ പൊയ്‌ക്കൊള്ളാം എന്ന് ‘ അത് കേട്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു, ചിലപ്പോള്‍ അതും ചെയ്യുമായിരിക്കും കാരണം നമ്മള്‍ പുരുഷ കേസരിയെക്കാളും എന്തു കൊണ്ടും ശക്തര്‍ സ്ത്രീകള്‍ തന്നെയാണ്, അവര്‍ ചിലപ്പോള്‍ കൊച്ചുങ്ങളെയും കയ്യില്‍ എടുത്തു ഈ മലയൊക്കെ നടന്നു കയറും.

അന്ന് ഞാന്‍ അതൊരു തമാശ ആയിട്ടായിരുന്നു എടുത്തിരുന്നത്, എന്നാലും പാത്തു ആ സ്വപ്നം മനസ്സില്‍ ഇട്ട് നടന്നു.ഇവിടെ മക്കളുടെ കൂടെ യുദ്ധം ചെയ്യുമ്പോഴും,അടുക്കളയില്‍ കിടന്നു കഷ്ടപ്പെടുമ്പോഴും പാത്തു തന്റെ സ്വപ്നം നിറവേറ്റാന്‍ ഉള്ള കാര്യങ്ങളെ പറ്റി പഠിച്ചു കൊണ്ടിരിക്കുക ആയിരുന്നു. എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ എത്താന്‍ തന്നെ ഏതാണ്ട് രണ്ട് ആഴ്ചകളില്‍ കൂടുതല്‍ എടുക്കും, അതും അവിടെ ഉള്ള കാലാവസ്ഥയും ആയി പൊരുത്തപ്പെട്ടിട്ടു വേണം ആ ട്രെക്കിങ് ചെയ്യാന്‍. അതിന്റെ ആദ്യ പടിയാണ് തന്റെ പിറന്നാള്‍ ദിനമായ ഇന്ന് തന്നെ ഈ യാത്ര പോകാന്‍ പാത്തു തീരുമാനിച്ചത്.

ഹിമാചല്‍ പ്രദേശിലെ വാഹന സ്വകര്യം ഒന്നും ഇല്ലാത്ത, നടന്നു പോകാന്‍ മാത്രം പറ്റുന്ന ഗ്രഹണ്‍ പോലുള്ള കൊച്ചു ഗ്രാമത്തിലൂടെ നടന്നു യാത്ര ചെയ്യുക.അവിടെ ഇപ്പോള്‍ ഉള്ള സമ്മറിലെ കാലാവസ്ഥയും ആയി പൊരുത്തപ്പെട്ടു അഞ്ചാറു ദിവസം ട്രെക്കിങ് ചെയ്യാന്‍ ആണ് പാത്തു ഇന്ന് അവിടെ കാസോളില്‍ എത്തിയിരിക്കുന്നത്. ഇതു പോലെ തന്നെ ഇനി ഈ കൊല്ലം അവസാനം ശൈത്യകാലത്തും ഒരു ട്രെക്കിങ് ചെയ്താല്‍, അടുത്ത കൊല്ലത്തെ എവെറസ്റ്റ് ബേസ് ക്യാമ്പിങ്ങില്‍ പോകാന്‍ പറ്റുമായിരിക്കും എന്നാണ് പാത്തുവിന്റെ ഒരു കണക്കു കൂട്ടല്‍.

ഇതു വരെ എന്റെ കൂടെ കാറില്‍ ആയിരുന്നു ഈ ദുനിയാവ് മുഴുവന്‍ പാത്തു കണ്ടിരുന്നത് .ഇത് ഇപ്പോള്‍ വളരെ കഠിനമായ സോളോ ട്രിപ്പ് ആണ് പാത്തു ചെയുന്നത്,. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പൊതുവെ നടക്കാന്‍ മടിയന്‍ ആയ ഞാന്‍ പാത്തൂനോട് ചോദിച്ചു, ‘ ഈ മാറാപ്പൊക്കെ ചുമന്നു ഇത്രയും ദിവസം നടന്നു അവിടെയൊക്കെ പോകുക എന്നത് നല്ല ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലേ പാത്തു …?’ ഇവിടെ പാത്തുവിന്റ ചിരിച്ചു കൊണ്ടുള്ള മറുപടി ആണ് എനിക്ക് ഇഷ്ടപെട്ടത്. ‘മൂന്ന് മക്കളെയും പെറ്റു പോറ്റി വളര്‍ത്തി, അതിന്റെ കൂടെ കുഴിമടിയനായ നിന്നെയും നോക്കുന്ന അത്രയും ബുദ്ധിമുട്ട് എന്തായാലും ഇതിന് ഉണ്ടാവില്ല’

മനസ്സില്‍ ഓര്‍ത്തു ശോ…ചോയിക്കണ്ടായിരുന്നു പാത്തു എന്നെ ഒന്നൂടെ തൊണ്ടിയിട്ട് പറഞ്ഞു, ‘അതേയ് ഏറെക്കുറെ എല്ലാ പെണ്‍കുട്ടികളും എന്നെ പോലെ തന്നെയാണ്, അവര്‍ക്ക് മനസ്സില്‍ ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ട്, എല്ലാരും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ഓര്‍ത്തു പുറമെ കാണിക്കാതെയും പറയാതെയും ഇരിക്കുന്നത് ആണ്, അങ്ങനെ നമ്മള്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കു അനുസരിച്ചു ജീവിക്കാന്‍ നിന്നാല്‍ ജീവിത കാലം മുഴുവന്‍ ആ നീറായില്‍ (അടുക്കള ) ഇരിക്കേണ്ടി വരും’ ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ പാത്തൂനോട് പറഞ്ഞു, ‘എനിക്ക് ഇപ്പോള്‍ മാനത്തെ കൊട്ടാരം എന്ന സിനിമയിലെ ഇന്ദ്രന്‍സ് പറഞ്ഞ ഡയലോഗ് ആണ് ഓര്‍മ്മ വരുന്നത്’ അവള്‍ പുരികം പൊക്കി വെച്ച് എന്നെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു, ‘അതായത് അവനവനു മൂത്രം ഒഴിക്കണമെങ്കില്‍ അവനവന്‍ തന്നെ പിടിക്കണം എന്ന്’

അത് കേട്ടപ്പാടെ കയ്യില്‍ ഉള്ള ചെറിയ ബാഗ് കൊണ്ട് എനിക്ക് ഒരു അടിയും തന്നിട്ട് കുട്ടിപട്ടാളത്തെ ചേര്‍ത്ത് പിടിച്ചു ഉമ്മ കൊടുത്തു എന്നിട്ട് എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു, ‘ഞാന്‍ വരുന്നത് വരെ നിങ്ങള്‍ ഈ കുഴിമടിയനെ നോക്കിക്കോളണം എന്ന്’ അതും പറഞ്ഞു പാത്തു എയര്‍പോര്‍ട്ടിന്റെ അകത്തേക്ക് കയറി പോയി. തിരിച്ചു കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു,എന്തായാലും അടുക്കളയില്‍ നിന്നും ഹിമാലയത്തിലേക്കുള്ള യാത്രക്ക് പാത്തു തുടക്കം കുറിച്ചിരിക്കുകയാണ്, എനിക്ക് ഇതില്‍ നിന്നും ഒരു കാര്യം മനസിലായി . അതായത് രമണാ….’നമ്മള്‍ ഒരു കാര്യം ചെയ്യണം എന്ന് വിചാരിച്ചു അത് ചുമ്മാ മനസ്സില്‍ ഇട്ടിട്ടും അതു മറ്റുള്ളവര്‍ ചെയ്യുന്നത് യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും നോക്കി ഇരുന്നിട്ടും ഒന്നും ഒരു കാര്യവും ഇല്ല.നമ്മള്‍ക്ക് വേണോ… നമ്മള്‍ അങ്ങ് ഇറങ്ങി തിരിക്കുക, അത്ര തന്നെ .കുറെ ആലോചിച്ചു കൂട്ടീട്ടു ഒരു കര്യമില്ലന്നു .’

ഇന്ന് പാത്തു ചെയ്യുന്നത് ഒരു പക്ഷേ ചെറിയ ഒരു കാര്യം ആയിരിക്കാം, പക്ഷേ നാളെ അത് ഞങ്ങളുടെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഉള്ള വലിയ ഒരു അറിവാണ്. ആണായാലും പെണ്ണ് ആയാലും സ്വപ്നങ്ങള്‍ എല്ലാവരുടെയും ഒരു പോലെ ആണെന്നുള്ള സത്യം. ‘നിങ്ങള്‍ നിങ്ങളുടെ ആണ്‍ മക്കളെ ഹിമാലയത്തില്‍ ട്രിപ്പ് പോകാന്‍ അനുവാദം കൊടുക്കുമ്പോള്‍, അതേ സ്വാതന്ത്ര്യം പെണ്‍ മക്കള്‍ക്കും കൊടുക്കാന്‍ ശ്രമിക്കുക മാത്രം അല്ല വേണ്ടത്, അവളെ അതിന് പോകാന്‍ ഉള്ള തരത്തില്‍ പ്രാപ്തയാക്കുക കൂടി ആണ് വേണ്ടത്,കാരണം സ്വപ്നങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെയാണ്’ ബാക്കി സ്റ്റോറീസ് പാത്തൂന്റെ ഇന്‍സ്റ്റാഗ്രാമില്‍ നേരിട്ട് കാണാം…