എകെജി സെന്റര്‍ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി- കെ സുധാകരന്‍

കൊച്ചി. എകെജി സെന്റര്‍ ആക്രണണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി നോക്കി നില്‍ക്കില്ല. സിപിഎം തീകൊണ്ട് തല ചൊറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്റര്‍ ആക്രമണക്കേസില്‍ ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പോലീസ് ലഹരി കലര്‍ന്ന ചോക്ലേറ്റ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ഈ പ്രവര്‍ത്തകനെ ലഹരിചികിത്സ കേന്ദ്രത്തിലാക്കി. ഇതുപോലെ ജിതിനും ചോക്ലേറ്റ് നല്‍കിയിട്ടുണ്ടാവാം എന്ന് കെ സുധാകരന്‍ ആരോപിക്കുന്നു. അതേസമയം എകെജി സെന്റര്‍ ആക്രമണക്കേസില്‍ തന്റെ മകനായ ജിതിനെ കുടുക്കിയതെന്ന് അമ്മ ജിജി. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണ് എകെജി സെന്റര്‍ ആക്രമണക്കേസില്‍ ജിതിനെ പ്രതിയാക്കിയത്. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടില്‍ കയറിയിറങ്ങുകയായിരുന്നുവെന്നും ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞു.

ജിതിന്‍ ധരിച്ച ടീ ഷര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ടീ ഷര്‍ട്ട് ജിതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലുമുണ്ട്. സ്ഫോടകവസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ജിതിന്‍ ഗൗരീശപട്ടത്ത് എത്തി. ഇവിടെനിന്ന് ജിതിന്‍ കാറില്‍ കയറി പോയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസില്‍ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.