എ.കെ.ജി സെന്റെറിൽ ബോംബാക്രമണം, ദുരൂഹതകൾ, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

എ.കെ.ജി സെന്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉയരുന്നു. സംസ്ഥാനത്ത് നിലവിൽ സി.പി.എമ്മിനേയും സർക്കാരിനെയും അലട്ടുന്ന വിഷയങ്ങളിൽ നിന്നും വഴിതിരിച്ച് വിടാനുള്ള ശ്രമം ആയി ഇതിനെ കാണുന്നവർ ഉണ്ട്. രാത്രി 11.30 ഓടെയാണ് സംഭവം.എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത്. ഈ സമയത്ത് പോലീസ് അവിടെ ഉണ്ടായിരുന്നു. എ.കെ.ജി സെന്റർ മന്ത്രിമാരുടെ സ്ഥിരം കേന്ദ്രം കൂടിയായതിനാൽ കനത്ത സുരക്ഷയാണ്‌ എപ്പോഴും ഉള്ളത്.

എന്നിട്ടും ഇത്തരത്തിൽ ഒരാൾ വന്ന് ബോംബ് എറിഞ്ഞിട്ട് പോയത് സംശയമാണ്‌. സംഭവം നടന്ന ഞൊടിയിടയ്ക്കുള്ളിൽ സി.പി.എം നേതാക്കൾ എല്ലാം കുതിച്ചെത്തി ചാനൽ ക്യാമറയ്ക്ക് മുന്നിൽ പ്രസ്ഥാവനകൾ നടത്തി. മുതിർന്ന നേതാക്കളും ഇടത് മുന്നണി കൺ വീനർ ഇ പി ജയരാജനും എല്ലാം പെട്ടെന്ന് തന്നെ എത്തി ചേരുകയായിരുന്നു.മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും എത്തി. എംഎല്‍എമാരും, എംപിമാരും വന്നു.   നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും  എകെജി സെന്ററിന് മുന്നില്‍ തടിച്ചുകൂടി. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.

ആക്രമണത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു . കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനേ സുരക്ഷ വർദ്ധിപ്പിച്ചു. ക്ളിഫ് ഹൗസിലും സമീപത്തും പോലീസ് കനത്ത ജാഗ്രതയിലാണ്‌. മുഖ്യമന്ത്രിയുടെ പൊതു പരിപാടികൾ വെട്ടി ചുരുക്കുകയോ ആൾ ബാഹുല്യം കുറയ്ക്കുമയോ ചെയ്യും എന്നും അറിയുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വീടിനു സുരക്ഷ കൂട്ടി.