കേരളത്തിലെ ക്രമസമാധാന നില തകര്‍ക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നു: മുഹമ്മദ് റിയാസ്

തിരുവനന്തപുരം/ എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണം ബോധപൂര്‍വമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്‍ ഡി എഫിന് ജനങ്ങള്‍ വീണ്ടും തുടര്‍ഭരണം നല്‍കിയശേഷം കേരളത്തെ കലാപഭൂമിയാക്കുവനാണ് കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നത്. അവര്‍ തുടര്‍ ഭരണത്തെ അംഗീകരിക്കുന്നില്ല കേരളത്തിന്റെ ക്രമസമാധാന നില തകര്‍ക്കുവനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണത്തെ അംഗീകരിക്കുവാന്‍ തയ്യാറാകത്ത കോണ്‍ഗ്രസ് ക്രമസമാധാന നില ബോധപൂര്‍വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയും വിമോചന സമരം എന്ന പേരില്‍ നടത്തിയ അക്രമം പോലെ തന്നെയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്ന് പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ്. എ കെ ജി സെന്റര്‍ കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ വികരമാണ്. ബോബ് എറിഞ്ഞ ആക്രമിയെ മാലയിട്ട് സ്വീകരിക്കാനും കെ പി സി സി സെക്രട്ടറിയാക്കുവാനും മടിയില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വരില്ലെന്ന ഭയം, അധികാരത്തില്‍ വന്നാല്‍ കട്ടുമുടിച്ച് ജീവിച്ചവരെ സംബന്ധിച്ച് താങ്ങാനാകാത്തതാണ്. തുടര്‍ച്ചയായി ഇത്തരം ശ്രമം നടത്തുന്ന പ്രത്യേകതരം മാനസിക വിഭ്രാന്തിയുള്ളവരായി വലതുപക്ഷ നേതൃത്വം മാറിയിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.