ബി ജെ പി ദേശീയ നിര്‍വാഹക സമിതി ഇന്ന് മുതല്‍ ഹൈദരബാദില്‍ ആരംഭിക്കും

ഹൈദരബാദ്/ ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഹൈദരബാദില്‍ ആരംഭിക്കും. മൂന്ന് ദിവസമായി സംഘടിപ്പിക്കുന്ന യോഗം ഹൈദരബാദിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ചേരുന്നത്. ദേശീയ നിര്‍വാഹക സമിതി യോഗത്തോട് അനുബന്ധിച്ച് മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ബി ജെ പിയുടെ ശക്തികാണിക്കുവനാണ് തെലങ്കാന ബി ജെ പിയുടെ ലക്ഷ്യം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തി വര്‍ദ്ധിപ്പിക്കുവാനും അധികാരം പിടിക്കുവാനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ യോഗത്തില്‍ തീരുമാനിക്കും. അടുത്തവര്‍ഷം തെലുങ്കാനയില്‍ നടക്കുവാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനിക്കും.

ഇന്ന് വൈകുന്നേരം ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തോടെയാണ് നിര്‍വാഹക സമിതി യോഗത്തിന് തുടക്കമാകുന്നത്. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദേശീയ ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, സംസ്ഥാന അധ്യക്ഷന്മാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

കേരളത്തില്‍ നിന്ന് നിര്‍വാഹക സമിതി യോഗത്തില്‍ എ പി അബ്ദുള്ളക്കുട്ടി, വി മുരളീധരന്‍, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ ഇ ശ്രീധരന്‍, കെ സുരേന്ദ്രന്‍, എം ഗണേശന്‍, കെ സുഭാഷ് എന്നിവര്‍ പങ്കെടക്കും.