ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ജാമ്യത്തില്‍ സവാദിന് സ്വീകരണം നല്‍കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

കൊച്ചി. ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ കോഴിക്കോട് സ്വദേശി സവാദിന് സ്വീകരണം നല്‍കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ആലുവ സബ് ജയിലിന് പുറത്ത് വെച്ച് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ജയില്‍ നിന്നും പുറത്തിറങ്ങിയ സവാദിനെ പൂമാലയണിയിച്ച് സ്വീകരിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ അസോസിയേഷന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. സവാദിന് സ്വീകരണം നല്‍കുമെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മേയ് 16നാണ് കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്.

അങ്കമാലിയില്‍ നിന്നും ബസില്‍ കയറിയ പ്രതി രണ്ട് യുവതികള്‍ക്ക് നടുവിലായി ഇരിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് കേസ്. ഇതോടെ യുവതി ബഹളം വെച്ച് പരാതി കണ്ടക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. അതേസമയം പരാതിക്കാരിക്കെതിരെ മെന്‍സ് അസോസിയേഷന്‍ ഡിജിപിക്ക് പരാതി നല്‍കി.