അഫ്ഗാനിലെ അമേരിക്കൻ സൈനിക പിൻമാറ്റം പൂർത്തിയായി; അവസാനിച്ചത് 20 വർഷക്കാലത്തെ ദൗത്യം

20 വർഷക്കാലത്തെ ദൗത്യം പൂർത്തിയാക്കി അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈനികർ പൂർണമായി പിൻവാങ്ങി. അമേരിക്കൻ ജനതയെയും രാജ്യത്തു നിന്നും പൂർണമായി ഒഴിപ്പിച്ചു. യുഎസ് സൈനികരെയും അവശേഷിച്ച നയതന്ത്ര പ്രതിനിധികളെയും വഹിച്ചുകൊണ്ടുളള അവസാന വിമാനം ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്നും അർദ്ധരാത്രിയോടെ പുറപ്പെട്ടു. രാജ്യത്ത് നിന്നും അമേരിക്കൻ സൈനിക പിൻമാറ്റം പൂർത്തിയായാതായി അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി അറിയിച്ചു. സി-17 സൈനിക വിമാനത്തിലായിരുന്നു അവസാന ദൗത്യം. അമേരിക്കൻ സൈനികർ, കമാൻഡർമാർ, അമേരിക്കൻ സ്ഥാനപതി റോസ് വിൽസൻ, നൂറോളം നയതന്ത്രജ്ഞർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിരവധി വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നു. ആളുകളെ പൂർണമായി ഒഴിപ്പിക്കുന്നകാര്യം തങ്ങളും ചിന്തിച്ചിരുന്നില്ല. എന്നാൽ 10 ദിവസങ്ങൾ കൂടി അഫ്ഗാനിൽ തുടർന്നിരുന്നെങ്കിൽ ഇവരെ പൂർണമായും മറക്കേണ്ടിവരുമായിരുന്നുവെന്നും കെന്നത്ത് കൂട്ടിച്ചേർത്തു. 123,000 അമേരിക്കൻ പൗരന്മാരെയാണ് ഒഴിപ്പിച്ചതെന്നും കെന്നത്ത് വ്യക്തമാക്കി.

താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് വിമാനം പുറപ്പെട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് കാബൂളിൽ ഉണ്ടായത്. അമേരിക്കയുടെ ഭാഗത്തു നിന്നും ഒരു തവണ പ്രത്യാക്രമണവും ഉണ്ടായി.